ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ധമാക്ക’ എന്ന സിനിമയുടെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. നവംബർ 28നു ചിത്രം പ്രദർശനത്തിനെത്തും.

അൽജീരിയൻ ആർട്ടിസ്റ്റ്‌ ഖലീദ്‌ 1992ൽ എഴുതി പെർഫോം ചെയ്ത പ്രശസ്ത ഗാനമായ ‘ദീദീ ദീദി’യാണ്‌ മലയാളത്തിൽ റീമിക്സ്‌ ചെയ്ത്‌ ‘ധമാക്ക’യിൽ അവതരിപ്പിക്കുന്നത്‌. പലഭാഷകളിലായി റീമിക്സ്‌ ചെയ്തിട്ടുള്ള ഈ ഗാനം സുരേഷ്‌ ഗോപി – ജയരാജ്‌ ടീമിന്റെ സൂപ്പർ ഹിറ്റ്‌ ആക്ഷൻ ചിത്രമായ ‘ഹൈവേ’യിലും ഉൾപ്പെടുത്തിയിരുന്നു. ഗോപി സുന്ദറാണ്‌ ധമാക്കയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മുൻപ് ഇറങ്ങിയ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ ശ്രദ്ധ നേടിയിരുന്നു.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം.