തോക്കേന്തിയ ഗാന്ധിയരാണോ മാവോയിസ്റ്റുകള്‍?; വികലമായ സൈദ്ധാന്തിക വ്യാഖ്യാനങ്ങളില്‍ നിന്ന് ഉത്ഭവിച്ച ഹിംസാത്മക രാഷ്ട്രീയമാണ് സിപിഐ മാവോയിസ്റ്റിന്റേത്; എംബി രാജേഷ്‌

‘തോക്കേന്തിയ ഗാന്ധിയന്മാരാ’ണോ മാവോയിസ്റ്റുകൾ? സിപിഐ മാവോയിസ്റ്റിന്റെയും മുൻഗാമികളുടെയും ചരിത്രം വികലമായ സൈദ്ധാന്തികവ്യാഖ്യാനങ്ങളിൽനിന്ന്‌ ഉത്‌ഭവിച്ച ഹിംസാത്മകമായ രാഷ്‌ട്രീയപ്രയോഗത്തിന്റേതാണ്‌; എം ബി രാജേഷ് ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനം

മാവോയിസ്റ്റുകൾക്കെതിരെയുണ്ടായ പൊലീസ്‌ നടപടികളുടെ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തെ ചിലരിൽനിന്നും വലതുപക്ഷത്തുനിന്നും സിപിഐ എമ്മിനും കേരളത്തിലെ സർക്കാരിനുമെതിരായ ചില പ്രതികരണങ്ങളുണ്ടായി. ഈ പ്രതികരണങ്ങൾക്ക്‌ അടിസ്ഥാനമായ ഒരു കാര്യം യുഎപിഎ ആയിരുന്നല്ലോ. അക്കാര്യത്തിൽ സർക്കാർ അസന്ദിഗ്‌ധമായി നയം വ്യക്തമാക്കിക്കഴിഞ്ഞു.

രണ്ടാമത്തെ പ്രശ്‌നം അട്ടപ്പാടിയിലുണ്ടായ ഏറ്റുമുട്ടലാണ്‌. അക്കാര്യത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണം നടക്കുമ്പോൾ ഇപ്പോൾ ചർച്ചചെയ്യുന്നത്‌ ഉചിതവുമല്ല. എന്നാൽ, മേൽപ്പറഞ്ഞ പ്രതികരണങ്ങളുടെയെല്ലാം ഒരു പൊതുസ്വഭാവം മാവോയിസ്റ്റുകളെ ആദർശാത്മക വിപ്ലവകാരികളും നിഷ്‌കളങ്കരുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നതാണ്‌.

എന്താണ്‌ വസ്‌തുത? ചിലർ വിശേഷിപ്പിക്കുന്നതുപോലെ ‘തോക്കേന്തിയ ഗാന്ധിയന്മാരാ’ണോ മാവോയിസ്റ്റുകൾ? ചിന്നിച്ചിതറിപ്പോയ സിപിഐ എംഎല്ലിന്റെ അസംഖ്യം ഗ്രൂപ്പുകളിൽ പ്രമുഖമായിരുന്ന പീപ്പിൾസ്‌ വാർ ഗ്രൂപ്പും ബിഹാറിലും ജാർഖണ്ഡിലും പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ സെന്ററും ലയിച്ച്‌, 2004ലുണ്ടായ സിപിഐ മാവോയിസ്റ്റിന്റെയും അവരുടെ മുൻഗാമികളുടെയും ചരിത്രംതന്നെ തീർത്തും വികലമായ സൈദ്ധാന്തികവ്യാഖ്യാനങ്ങളിൽനിന്ന്‌ ഉത്‌ഭവിച്ച ഹിംസാത്മകമായ രാഷ്‌ട്രീയപ്രയോഗത്തിന്റേതാണ്‌. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും പുല്ലുവിലപോലും കൽപ്പിക്കാത്ത കണ്ണില്ലാത്ത ഹിംസയുടെയും നിരപരാധികളുടെ ചോരയുടെയും ചരിത്രമാണത്‌. മാവോയിസ്റ്റുകൾതന്നെ സ്വയം വിശേഷിപ്പിക്കുന്നത്‌ ദീർഘകാലയുദ്ധത്തിൽ ഏർപ്പെട്ടവർ എന്നാണ്‌.

മാവോയിസ്റ്റുകളുടെ ഈ യുദ്ധത്തിന്റെ ശത്രുപക്ഷത്തുള്ള ഇരകൾ ആരെല്ലാമാണ്‌? അവരുടെ സ്വാധീനമേഖലകളിലുള്ള പാവപ്പെട്ട ആദിവാസികൾ, പൊലീസുകാരും സുരക്ഷാസേനാംഗങ്ങളും പിന്നെ സംഘടിത ഇടതുപക്ഷം, വിശേഷിച്ച്‌ സിപിഐ എമ്മിന്റെ പ്രവർത്തകർ.

ഇന്ത്യയിൽ സിപിഐ എം പ്രവർത്തകരെപ്പോലെ മറ്റൊരു രാഷ്‌ട്രീയ പാർടിയുടെയും പ്രവർത്തകർ മാവോയിസ്റ്റുകളുടെ തോക്കിനിരയായിട്ടില്ല. ‘ജനകീയയുദ്ധം’ എന്ന വികലമായ നയത്തിന്റെപേരിൽ ഒരിക്കലും അവസാനിക്കാത്ത രക്തച്ചൊരിച്ചിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ഹിംസയുടെ പ്രയോഗത്തെ ന്യായീകരിക്കുകയും ചെയ്യുന്നവരാണ്‌ മാവോയിസ്റ്റുകൾ. പ്രമുഖ മാവോയിസ്റ്റ്‌ നേതാവ്‌ ഗണപതി ഇക്കണോമിക്‌ ആൻഡ്‌ പൊളിറ്റിക്കൽ വീക്ക്‌ലി (ജനുവരി, 2007)യിൽ എഴുതിയ ഒരു ലേഖനത്തിൽ വർഗശത്രുക്കളെന്ന്‌ തങ്ങൾ നിശ്ചയിക്കുന്നവർക്കെതിരെ നടപ്പാക്കുന്ന ഉടൻവധശിക്ഷ നീതിയുക്തമായ നടപടിയാണെന്ന്‌ സമർഥിക്കാൻ ശ്രമിക്കുന്നതുകാണാം.

പരാതിക്കാരനും പ്രോസിക്യൂട്ടറും ജഡ്‌ജിയും ശിക്ഷ നടപ്പാക്കുന്നയാളുമെല്ലാം മിക്കപ്പോഴും ഒരാൾതന്നെയായ ‘ജനകീയ കോടതികൾ’ എന്ന ഓമനപ്പേരിലുള്ള മാവോയിസ്റ്റ്‌ കങ്കാരു കോടതികളുടെ വധശിക്ഷയെയാണ്‌ ഗണപതി ന്യായീകരിക്കുന്നത്‌. തങ്ങളൊഴിച്ച്‌ മറ്റുള്ളവരെല്ലാം പ്രതിവിപ്ലവകാരികളാണെന്ന്‌ കണക്കാക്കുന്നവരാണിവർ എന്നുമോർക്കുക.

തങ്ങളുടെ തീർപ്പനുസരിച്ച്‌ ആരെയും കൊല്ലാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന്‌ വാദിക്കുന്ന മാവോയിസ്റ്റുകളെയാണ്‌ ചില ഇടതുപക്ഷസുഹൃത്തുക്കളും ലിബറൽ ബുദ്ധിജീവികളും നിഷ്‌കളങ്കരായി ചിത്രീകരിക്കുന്നത്‌.

മാർക്‌സിസം, ലെനിനിസം അംഗീകരിക്കാത്ത വ്യക്തിഗതമായ ഉന്മൂലനത്തിന്റെയും ഭീകരതയുടെയും മാർഗത്തെ ശരിയായ വിപ്ലവമാർഗമെന്ന്‌ ചിലർക്കെങ്കിലും തോന്നാൻ ഇടയാക്കുന്ന ആദർശവൽക്കരണത്തിന്‌ ഇടതുപക്ഷത്തുള്ള സുഹൃത്തുക്കൾ മുതിരാമോ? 1924 ഡിസംബർ 15ന്‌ കമ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ‘ദേശീയവാദികളോടുള്ള അഭ്യർഥന’ എന്ന രേഖയിൽ പറയുന്നു–- ‘ രക്തരൂഷിതവും ഹിംസാത്മകവുമായതെല്ലാം വിപ്ലവകരമല്ല’.

ഐഎസ്‌, താലിബാൻ, അൽ ഖായ്‌ദ എന്നിവയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭീകരത ‘സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റമാണ്‌’ എന്ന്‌ വിലയിരുത്തുകയും അത്‌ ശക്തിപ്പെടണമെന്ന്‌ പറയുകയും ചെയ്യുന്നതാണ്‌ മാവോയിസ്റ്റുകളുടെ സൈദ്ധാന്തികസമീപനവും ജനാധിപത്യസങ്കൽപ്പവും!

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെയും 1951ലെ നയപ്രഖ്യാപനത്തിലും സമഗ്രമായ കാഴ്‌ചപ്പാട്‌ കാണാം. ‘‘വ്യക്തിഗതമായ ഭീകരപ്രവർത്തനം മാർക്സിസത്തിൽ അനുവദനീയമല്ല. കാരണം അത്‌ വീരനായകർ വന്ന്‌ വിമോചിപ്പിച്ചുകൊള്ളുമെന്ന ബോധം സൃഷ്ടിക്കുകയും ആത്യന്തികമായി ജനങ്ങളെ നിഷ്‌ക്രിയരാക്കുകയും അവരുടെ വിപ്ലവകരമായ വികാസത്തെ തടയുകയും അവസാനം പരാജയത്തിലേക്ക്‌ നയിക്കുകയുംചെയ്യും’ എന്ന്‌ രേഖ മുന്നറിയിപ്പ്‌ നൽകുന്നു. മാർക്സിസ്‌റ്റുകൾ വിസ്‌മരിക്കാൻ പാടില്ലാത്ത വസ്‌തുതകളാണിവയെല്ലാം.

ദേശീയ –-സാർവദേശീയ സ്ഥിതിഗതികളെ സംബന്ധിച്ച അബദ്ധജടിലമായ വിലയിരുത്തലുകൾ ലോകത്താകെ വളർന്നുവന്ന ഭീകര പ്രവർത്തനങ്ങളെയെല്ലാം പിന്തുണയ്‌ക്കുന്നവരാക്കി മാവോയിസ്റ്റുകളെ മാറ്റുന്നുണ്ട്‌. ഐഎസ്‌, താലിബാൻ, അൽ ഖായ്‌ദ എന്നിവയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭീകരത ‘സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റമാണ്‌’ എന്ന്‌ വിലയിരുത്തുകയും അത്‌ ശക്തിപ്പെടണമെന്ന്‌ പറയുകയും ചെയ്യുന്നതാണ്‌ മാവോയിസ്റ്റുകളുടെ സൈദ്ധാന്തികസമീപനവും ജനാധിപത്യസങ്കൽപ്പവും!

ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെക്കൂടി അട്ടിമറിക്കുക എന്നത്‌ കോർപറേറ്റുകളാൽ നയിക്കപ്പെടുന്ന ഇവിടത്തെ ഭരണവർഗത്തിന്റെയും അവരുടെ സഖ്യകക്ഷികളായ ഹിന്ദുത്വ ശക്തികളുടെയും താൽപ്പര്യമാണ്‌. അവരുടെ ചാവേർപ്പടയായി ബംഗാളിലെന്നപോലെ കേരളത്തിലും മാവോയിസ്റ്റുകളെ ഉപയോഗിക്കാനുള്ള പരീക്ഷണമാണിത്‌

നക്‌സലൈറ്റുകൾ സിദ്ധാർഥശങ്കർ റേയുടെ അർധഫാസിസ്റ്റ്‌ ഭീകരവാഴ്‌ച നടമാടിയ അടിയന്തരാവസ്ഥയിലും പിന്നീട്‌ മാവോയിസ്റ്റുകൾ 2006–-11 കാലയളവിലും ബംഗാളിൽ ആയിരക്കണക്കിന്‌ സിപിഐ എം പ്രവർത്തകരെയാണ് കൊന്നൊടുക്കിയിട്ടുള്ളത്‌. അതിൽ ആദ്യം ഇന്ദിര ഗാന്ധിയുടെയും സിദ്ധാർഥശങ്കർ റേയുടെയും കോൺഗ്രസിനൊപ്പവും പിന്നീട്‌ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനൊപ്പവും അവർ കൊലയാളി സഖ്യമുണ്ടാക്കി.

മാവോയിസ്റ്റ്‌ പൊളിറ്റ്‌ബ്യൂറോ അംഗം കിഷൻജി എന്ന കോടേശ്വർറാവു 2009ൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്‌ ‘‘ മാവോയിസ്റ്റുകൾ മമത ബാനർജിയെ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു’’ എന്നായിരുന്നു.

‘‘മമതയ്‌ക്ക്‌ വർഗതാൽപ്പര്യങ്ങൾക്ക്‌ അതീതമായി ഉയർന്ന്‌ ജനപക്ഷനിലപാടുകൾ സ്വീകരിക്കാൻ കഴിയും’’ എന്നതായിരുന്നു കിഷൻജിയുടെ ന്യായം? തീവ്രവലതുപക്ഷത്തിനും വലതുപക്ഷത്തിനുമൊപ്പം അണിചേർന്ന്‌ ഇടതുപക്ഷത്തെ ഹിംസയിലൂടെ ഉന്മൂലനംചെയ്യുന്ന കപടവിപ്ലവകാരികളുടെ തനിനിറം ബംഗാളിൽ വെളിപ്പെട്ടുകഴിഞ്ഞതാണ്‌.

ബംഗാൾ മോഡൽ പരീക്ഷണത്തിന്റെ തുടക്കം കേരളത്തിലും കുറിച്ചു കഴിഞ്ഞെന്ന്‌ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനുള്ള രാഷ്‌ട്രീയ വിവേകം പുലർത്തേണ്ട സമയമാണിത്‌.

ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെക്കൂടി അട്ടിമറിക്കുക എന്നത്‌ കോർപറേറ്റുകളാൽ നയിക്കപ്പെടുന്ന ഇവിടത്തെ ഭരണവർഗത്തിന്റെയും അവരുടെ സഖ്യകക്ഷികളായ ഹിന്ദുത്വ ശക്തികളുടെയും താൽപ്പര്യമാണ്‌. അവരുടെ ചാവേർപ്പടയായി ബംഗാളിലെന്നപോലെ കേരളത്തിലും മാവോയിസ്റ്റുകളെ ഉപയോഗിക്കാനുള്ള പരീക്ഷണമാണിത്‌.

ഇടതുപക്ഷത്തോട്‌ / സിപിഐ എമ്മിനോട്‌ അടങ്ങാത്ത ശത്രുത പ്രകടിപ്പിക്കുന്ന മാവോയിസ്റ്റുകൾക്ക്‌ കോർപറേറ്റുകളോടുള്ള സമീപനം എന്താണ്‌ ? തെഹൽകയ്‌ക്കു കൊടുത്ത അഭിമുഖത്തിൽ (നവംബർ 13, 2009) കിഷൻജിതന്നെ പറയുന്നു:-‘‘ഞങ്ങൾ കോർപറേറ്റുകളിൽനിന്നും വൻകിട ബൂർഷ്വാസിയിൽനിന്നും നികുതി പിരിക്കുന്നുണ്ട്‌’’.

കോർപറേറ്റുകൾ രാഷ്‌ട്രീയ പാർടികൾക്ക്‌ സംഭാവന കൊടുക്കുന്നതുപോലെമാത്രമേ അതിനെ കാണേണ്ടതുള്ളൂ. അതായത്‌ മറ്റെല്ലാ ബൂർഷ്വാ രാഷ്‌ട്രീയ പാർടികളും കോർപറേറ്റ്‌ ഫണ്ടിങ്‌ സ്വീകരിക്കുന്നതുപോലെ സ്വാഭാവികം മാത്രമാണ്‌, ‘യഥാർഥ വിപ്ലവകാരി’ കളായ തങ്ങളും അവരുടെ പണംവാങ്ങി പ്രവർത്തിക്കുന്നത്‌ എന്ന്‌. സിപിഐ എം വൻകിട കോർപറേറ്റ്‌ സംഭാവന സ്വീകരിക്കില്ല എന്നത്‌ ഒരു നയമായി അംഗീകരിച്ചിട്ടുള്ള പാർടിയാണ്‌.

കോർപറേറ്റ്‌ പണം വാങ്ങി പ്രവർത്തിക്കുന്നു എന്ന്‌ സമ്മതിക്കുന്ന മാവോയിസ്റ്റുകൾ സംരക്ഷിക്കുക പണം തരുന്നവരുടെ താൽപ്പര്യമോ അതോ ജനങ്ങളുടെ താൽപ്പര്യമോ ? കോർപറേറ്റ്‌ താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന നവഉദാരവൽക്കരണത്തിനെതിരായ സമരം മാവോയിസ്റ്റുകളുടെ അജൻഡയിൽ വരാത്തതിന്റെ കാരണം വ്യക്തമല്ലേ?

ജനാധിപത്യത്തോടുള്ള മാവോയിസ്റ്റുകളുടെ സമീപനം എന്താണ്‌? ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ്‌ / സോഷ്യലിസ്റ്റ്‌ അനുഭവങ്ങളുടെയും അതിനു നേരിട്ട തിരിച്ചടികളുടെയും പ്രധാന കാരണങ്ങളിലൊന്നായി ജനാധിപത്യപരമായ ഉള്ളടക്കത്തിന്റെ കുറവ്‌ ലോകമാകെയുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തിനുവേണ്ടിയുള്ള സമരങ്ങൾ ഈ പ്രശ്‌നം ഗൗരവത്തോടെ അഭിസംബോധന ചെയ്യേണ്ടതുണ്ട്‌ എന്ന്‌ കമ്യൂണിസ്റ്റുകാർ ഇന്ന്‌ പൊതുവിൽ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്‌. ദീർഘകാലം സായുധസമരത്തിൽ ഏർപ്പെട്ട നേപ്പാളിലെ മാവോയിസ്റ്റുകൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വരുത്തിയ പുതിയ സമീപനത്തെക്കുറിച്ച്‌ പ്രമുഖ മാവോയിസ്റ്റ്‌ നേതാക്കളായ ഭട്ടറായിയും പ്രചണ്ഡയും വിശദീകരിച്ചിട്ടുണ്ട്‌.

ബഹുകക്ഷിമത്സരത്തെ അംഗീകരിച്ചത്‌ സോഷ്യലിസത്തിനായുള്ള ഇരുപതാംനൂറ്റാണ്ടിലെ സമരങ്ങളുടെയും ഒരു പതിറ്റാണ്ടിന്റെ ജനകീയയുദ്ധത്തിന്റെയും അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ എന്ന്‌ ഇരുവരും ചൂണ്ടിക്കാട്ടുന്നു.

ഈ അനുഭവങ്ങളിൽ നിന്നെല്ലാം എന്തെങ്കിലും ജനാധിപത്യപാഠങ്ങൾ മാവോയിസ്റ്റുകൾ ഉൾക്കൊണ്ടതിന്റെ ലാഞ്‌ഛനയുണ്ടോ? അതെല്ലാം പോകട്ടെ. ഇന്ത്യയിലെ നക്‌സലൈറ്റ്‌ പ്രസ്ഥാനം മുതലുള്ള ഇടതുപക്ഷ തീവ്രവാദത്തിന്റെ ശൈഥില്യത്തിന്റെ അനുഭവങ്ങളിൽനിന്ന്‌ എന്തെങ്കിലും പഠിക്കാൻ ഇവർ തയ്യാറായിട്ടുണ്ടോ?

മാവോയിസ്റ്റുകൾക്ക്‌ ഇന്ന്‌ പ്രിയങ്കരനായ ചാരുമജുംദാർ പൊലീസ്‌ കസ്റ്റഡിയിൽ മരിക്കുന്നതിനുമുമ്പ്‌ 1972 ജൂലൈ 14ന്‌ അദ്ദേഹത്തിന്റെ ഭാര്യക്ക്‌ എഴുതിയ കത്തിൽ പറഞ്ഞത്‌, വ്യക്തിപരമായ ഉന്മൂലനത്തിലും ഹിംസയിലും ഊന്നിയത്‌ പ്രസ്ഥാനത്തിന്‌ സംഭവിച്ച വഴിപിഴയ്‌ക്കലായിരുന്നുവെന്നാണ്‌. അന്ത്യനാളുകളിൽ ചാരുമജുംദാറിനുണ്ടായ തിരിച്ചറിവിൽനിന്ന്‌ ഒന്നും പഠിക്കാതെ ഹിംസയുടെ അതേ പിഴച്ച വഴിയിലൂടെയാണ്‌ മാവോയിസ്റ്റുകൾ ഇന്നും സഞ്ചരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News