ദേശീയ അംഗീകാരത്തിന്റെ തിളക്കത്തിൽ കണ്ണൂർ ജില്ലയിലെ 12 സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ.തില്ലങ്കേരി,കതിരൂർ കുടുംബരോഗ്യ കേന്ദ്രങ്ങൾക്കും കൂവോട് യുപിഎച്ച്സി ക്കും എൻക്യുഎഎസ്‌ അംഗീകാരം ലഭിച്ചതോടെയാണ് ജില്ലയിൽ ഒരു ഡസൻ ആശുപത്രികൾക്ക് ദേശീയ അംഗീകാരമായത്.

ഇതോടെ ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയെന്ന നേട്ടവും കണ്ണൂരിന് സ്വന്തമായി.

സംസ്ഥാനത്ത് 55 സർക്കാർ ആശുപത്രികൾ ഇതുവരെ എൻ ക്യു എ എസ് അംഗീകാരം നേടിയതിൽ 12 സ്ഥാപനങ്ങളും കണ്ണൂർ ജില്ലയിലാണ്.

തേർത്തല്ലി,കൊട്ടിയൂർ,വളപട്ടണം കുടുംബരോഗ്യ കേന്ദ്രങ്ങൾക്കും മൈതാനപ്പള്ളി യു പി എച്ച് സിക്കുമാണ് ജില്ലയിൽ ആദ്യമായി ദേശീയ അംഗീകാരം ലഭിച്ചത്. ഓഗസ്റ്റ് മാസത്തിൽ ചെറുതാഴം, കാങ്കോൽ, ആലപ്പടമ്പ, മലപ്പട്ടം, പാട്യം കുടുംബരോഗ്യ കേന്ദ്രങ്ങൾക്കും കൊളശ്ശേരി യു പി എച്ച് സി ക്കും അംഗീകാരം ലഭിച്ചു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുരസ്‌കാര പട്ടികയിൽ തില്ലങ്കേരി, കതിരൂർ കുടുമ്പരോഗ്യ കേന്ദ്രങ്ങളും കൂവോട് അർബൻ പി എച്ച് സി യുമാണ് ഇടം പിടിച്ചത്.

ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ മേൽനോട്ടവും,ജനപ്രതിനിധികളുടെ പ്രയത്നവും,തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും, ജില്ലാ ഭരണ കൂടത്തിന്റെയും, ഉദ്യോഗസ്ഥരുടെയും ജനകീയ കൂട്ടായ്മകളുടെയും പ്രവർത്തനവുമാണ് ജില്ലയെ ആരോഗ്യ രംഗത്തെ കുതിപ്പിലേക്ക് നയിച്ചത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകാര്യങ്ങളാണ് അംഗീകാരം കരസ്ഥമാക്കിയ ആശുപത്രികളിൽ ഒരുക്കിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ, ഒ പി സൗകര്യം, ജീവനക്കാരുടെ കാര്യക്ഷമത,മരുന്നുകളുടെ ലഭ്യത,ലാബ് സൗകര്യം, പൊതുജനാരോഗ്യ പ്രവർത്തനം, മാലിന്യ നിർമാർജനം തുടങ്ങി മുന്നൂറോളം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് എൻ ക്യു എ എസ് അഗീകാരം നൽകുന്നത്.

8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തും.സംസ്ഥാനത്ത് 10 ആശുപത്രികള്‍ കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.