പ്രതിലോമ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ജാഗ്രതക്കുറവുണ്ടോ എന്ന് പരിശോധിക്കണം: മുഖ്യമന്ത്രി

പ്രതിലോമ ശക്തികൾക്ക്‌ എതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ജാഗ്രതക്കുറവുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം തിരുവനന്തപുരം ടാഗോർ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന ഇടപെടലുകളുടെ ഭാഗമായി മുമ്പ്‌ പേരിനൊപ്പമുള്ള ജാതിവാൽ മുറിച്ചുകളഞ്ഞിരുന്നു.

എന്നാൽ, ഇന്ന്‌ അവരുടേതടക്കമുള്ള പിൻതലമുറയിൽ പലരുടെയും പേരിനൊപ്പം ജാതിവാൽ ചേർക്കുന്നു. ഈ സാഹചര്യത്തിൽ നവോത്ഥാനമൂല്യങ്ങൾ പിന്തുടരുന്നതിൽ മുൻതലമുറയുടെ പ്രവർത്തനം അതേരീതിയിൽ കൊണ്ടുപോകാനായോ എന്ന്‌ സ്വയംവിമർശനമായി വിലയിരുത്തണം.

സമൂഹത്തിൽ മേധാവിത്വം പുലർത്തിയിരുന്ന യാഥാസ്ഥിതികത്വത്തിന്‌ എതിരെയാണ്‌ നവോത്ഥാന, ദേശീയ, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുണ്ടായത്‌. അതൊരു പോരാട്ടമായിരുന്നു.

അന്ന്‌ അതിൽ വിജയിക്കാൻ കഴിഞ്ഞു. വലിയ പുരോഗമനസ്വഭാവമുള്ള നമ്മുടെ സമൂഹത്തെ ജീർണതകൾ ബാധിക്കില്ലെന്ന മിഥ്യാബോധം ഉണ്ടായി. മാറ്റം വന്നുവെന്ന്‌ നമ്മൾ കരുതിയപ്പോൾ പ്രതിലോമ ശക്തികളുടെ ഇടപെടൽ കൂടുതലായി വർധിച്ചു.

ഇത്തരം കാര്യങ്ങൾക്കെതിരെ ഫലപ്രദമായി ഇടപെടാൻ ശേഷിയുള്ളതാണ്‌ ഗ്രന്ഥശാലാ പ്രസ്ഥാനവും പ്രവർത്തകരും. പഴയ ഇരുണ്ടകാലം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കേരളത്തിൽ ഉണ്ടായപ്പോൾ ഗ്രന്ഥശാലകൾ ഒട്ടേറെ നവോത്ഥാനസദസ്സുകൾ സംഘടിപ്പിച്ചു.

അത്‌ വലിയ പ്രതികരണമുണ്ടാക്കി. ഭരണഘടന പിച്ചിച്ചീന്താൻ ശ്രമം നടന്നപ്പോൾ ഭരണഘടനാസംരക്ഷണത്തിനായി നല്ല രീതിയിൽ മുന്നിട്ടിറങ്ങി. ഇന്നത്തെ കാലത്ത്‌ ഇത്തരം ഇടപെടലുകൾ ഒഴിച്ചുകൂടാൻ കഴിയാത്തതാണ്‌.

പ്ലാറ്റിനം ജൂബിലി വർഷത്തിൽ പുതിയ പന്ഥാവിലേക്കുനീങ്ങാൻ ഗ്രന്ഥശാലാ സംഘത്തിന്‌ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശയം സമർപ്പിക്കാൻ വെബ്‌സൈറ്റ്‌നവകേരള നിർമാണവുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്ക്‌ ആശയം സമർപ്പിക്കാൻ സർക്കാർ വെബ്‌സൈറ്റ്‌ തയ്യാറാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഭിക്കുന്നവയിൽ മികച്ച ആശയങ്ങൾ നടപ്പാക്കും.

വെബ്‌സൈറ്റ്‌ ഉടൻ നിലവിൽ വരും. സർക്കാരിലേക്ക്‌ ജനങ്ങൾക്ക്‌ അവരുടെ ആവശ്യങ്ങൾ അറിയിക്കാനുള്ള സംവിധാനവും ഒരുക്കും. എല്ലാ വായനശാലകളിലും വൈഫൈ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News