മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന് കോട്ടയത്തിന്റെ ആദരമായി ശില്‍പം ഒരുങ്ങുന്നു. ജെ.സി. ഡാനിയേല്‍ മീഡിയാ സെന്ററിന്റെ നേതൃത്വത്തില്‍ അഞ്ച് ലക്ഷം രൂപ ചിലവിലാണ് ശില്‍പം നിര്‍മിച്ചിരിക്കുന്നത്.

അതേ സമയം, ശില്‍പം സ്ഥാപിക്കാനുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ലെന്ന് ജെ സി ഡാനിയേലിന്റെ മകന്‍ ഹാരിസ് ഡാനിയേല്‍ പറഞ്ഞു.

വിഗതകുമാരന്‍ എന്ന നിശബ്ദചിത്രത്തിലൂടെ വിസ്മയവും ചരിത്രവും സൃഷ്ടിച്ച മലയാള സിനിമ പിതാവിന്റെ സ്മരണയ്ക്കായി ഒരു പ്രതിമ സ്ഥാപിക്കാൻ ഇക്കാലമത്രയും സിനിമാരംഗത്തെ പിന്‍മുറക്കാര്‍ പോലും താല്‍പര്യപ്പെട്ടില്ല.

ആവശ്യങ്ങൾ പല വേദികളിൽ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജെസി ഡാനിയല്‍ മീഡിയ സെന്റര്‍ മുന്‍കൈയെടുത്ത് ജെ സി ഡാനിയേലിന്റെ ശില്‍പം നിര്‍മിച്ചത്.

പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് സംഘടിപ്പിക്കുന്ന കലാ സാംസ്‌കാരിക സംഗമം ജെസി ഡാനിയേലിന്റെ മകന്‍ ഹാരിസ് ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. മലയാളികള്‍ എക്കാലവും പിതാവിനെ ഓര്‍മിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഹാരിസ് ഡാനിയേല്‍ വ്യക്തമാക്കി.

ശില്‍പി ഷാജി വാസൻ രൂപകൽപ്പന ചെയ്ത പ്രതിമ പിസി ജോര്‍ജ് എംഎല്‍എ അനാച്ഛാദനം ചെയ്യുമെങ്കിലും ശില്‍പം സ്ഥാപിക്കാന്‍ ഇതുവരെ സ്ഥലം അനുവദിക്കപ്പെട്ടിട്ടില്ല എന്ന പ്രതിസന്ധിയാണ് ഇനിയുള്ളത്.

ജനപ്രതിനിധികളുടെ ഇടപെടലില്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍.