മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ തുടന്ന് നടക്കുന്ന മാധ്യമ ഇടപെടലുകളെയും വിവാദങ്ങളെയും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ആരോപണങ്ങളെയും കുറിച്ച് ചെറിയാന്‍ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്‌

കൊലയാളികളായ നക്‌സലൈറ്റുകൾ എന്ന മാവോവാദികളെ എഴുപതുകളിൽ അമർച്ച ചെയ്ത മുഖ്യമന്ത്രി അച്യുതമേനോന്റെയും ആഭ്യന്തരമന്ത്രി കരുണാകരന്റെയും നടപടികളെ ഭംഗ്യന്തരേണ സി പി ഐ യും കോൺഗ്രെസും ഇപ്പോൾ തള്ളിപ്പറയുകയാണ്.

എണ്പതിൽ വീണ്ടും തലപൊക്കിയ നക്സലൈറ്റുകളെ ഒതുക്കിയത് മുഖ്യമന്ത്രി നായനാരുടേയും ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണന്റെയും നേതൃത്വത്തിലാണ്.

മാവോവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ ബീഹാർ ,ഛത്തീസ്ഘണ്ട്, ത്സാർഖണ്ട്, ഒഡീഷ്യ, ആന്ധ്രാ എന്നിവ പോലെ കേരളവും ഒരു കലാപഭൂമിയാകുമായിരുന്നു.

അടിയന്തിരാവസ്ഥയിൽ നക്സലൈറ്റുകളെ നേരിടുന്നതിൽ ചില പാളിച്ചകൾ ഉണ്ടായെങ്കിലും നക്സലൈറ്റ് ഭീഷണിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. അക്കാലത്തു ചില ഡാമുകളും റെയിൽവേ പാലങ്ങളും ഡയനാമിറ്റ് വെച്ച് തകർക്കാനുള്ള ഗൂഢ പദ്ധതികളാണ് പോലീസ് പൊളിച്ചത്.

നക്സലൈറ്റുകളായ വർഗീസിനെ പോലീസ് വെടിവെച്ചു കൊന്നതും പി രാജനെ ഉരുട്ടി കൊന്നതും ആർക്കും ന്യായീകരിക്കാനാവില്ല. പുൽപ്പള്ളിയിലും കുറ്റിയാടിയിലും പോലീസ് സ്റ്റേഷൻ ആക്രമണത്തിന് നേതൃത്വം നൽകുകയും ഹവിൽദാർ കുട്ടികൃഷ്ണൻ നായർ, തൃശ്ശിലേരിയിലെ ജന്മി വാസുദേവ അഡിഗ, കുമ്പാരകുന്നിൽ ചേക്കു എന്നിവരെ വർഗീസാണ് വധിച്ചത്.

അടിയന്തിരാവസ്ഥയിൽ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ച പി രാജനെ പോലീസ് ഉരുട്ടിക്കൊന്നു. ഈ കേസ് അന്വേഷിച്ചിരുന്ന ഡി വൈ എസ പി ബാലസുബ്രഹ്മണ്യത്തെ നക്‌സലൈറ്റുകൾ പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു.

എണ്പതിൽ കേണച്ചിറയിലെ മഠത്തിൽ മത്തായിയെ നക്സലൈറ്റുകളാണ് കൊന്നത്. അന്ന് കലാപകാരികളെ പിടികൂടി അമർച്ച ചെയ്തത് ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ്. പിന്നീട് എല്ലാ സർക്കാരുകളും മാവോവാദികൾക്ക് നേരെ ശക്തമായ നടപടികൾ സ്വീകരിച്ചു.

അടുത്തകാലത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെടാനിടയായതിന്റെ നിജസ്ഥിതി നീതിപീഠം പുറത്തു കൊണ്ട് വരുന്നതുവരെ വിവാദങ്ങൾക്കു അവധി കൊടുക്കാനുള്ള മര്യാദ എല്ലാവരും കാണിക്കണം.