അഭിഭാഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ചാംദിവസവും രാജ്യതലസ്ഥാനം സംഘര്‍ഷഭരിതമായിരുന്നു. 11 മണിക്കൂര്‍ പണിമുടക്കിയ പൊലീസുകാര്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പ്രതിഷേധവുമായി അഭിഭാഷകര്‍ ബുധനാഴ്ച തെരുവിലിറങ്ങി.

ആറ് ജില്ലാ കോടതികളും ബഹിഷ്‌കരിച്ചു. സാകേത്, പാട്യാല ഹൗസ് കോടതി ഗേറ്റുകള്‍ പൂട്ടിയിട്ടു. ഇതിനെ നാട്ടുകാരും കക്ഷികളും ചോദ്യംചെയ്തത് സംഘര്‍ഷത്തിനിടയാക്കിയെങ്കിലും പൊലീസ് ഇടപെട്ടില്ല.

ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചും കെട്ടിടത്തിനുമുകളില്‍ കയറിയും അഭിഭാഷകര്‍ ആത്മഹത്യാഭീഷണി മുഴക്കി. തെരുവുയുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുമ്പോഴും ആഭ്യന്തരമന്ത്രാലയം അനങ്ങിയില്ല.

കോടതി ബഹിഷ്‌കരണവും പ്രതിഷേധവും തുടരുമെന്ന് ജില്ലാകോടതി ബാര്‍ അസോസിയേഷനുകളുടെ ഏകോപനസമിതി അറിയിച്ചു. ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

കോടതിവളപ്പിലെ സംഘര്‍ഷത്തിലുള്‍പ്പെട്ട പൊലീസുകാര്‍ക്കും ചൊവ്വാഴ്ച പ്രക്ഷോഭം നടത്തിയവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.