ബിജു മോനോനെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ലാല്‍ ജോസ് ചിത്രം ’41’ നാളെ പ്രദര്‍ശനത്തിനെത്തുന്നു. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണ് നാല്‍പത്തിയൊന്ന്. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

കണ്ണൂരിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ശബരിമലയും ബന്ധപ്പെടുത്തിയാണ് ’41’ സഞ്ചരിക്കുന്നത്.

രാഷ്ട്രീയം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ സിനിമയല്ലെന്ന് ലാല്‍ ജോസ് വ്യക്തമാക്കിയിരുന്നു.

സിഎസ് ഉല്ലാസ് കുമാര്‍ എന്ന ട്യൂട്ടോറിയല്‍ അധ്യാപകന്റെ വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്. നായിക നിമിഷ സജയനാണ്.

സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ഗീതി സംഗീത, ബേബി ആലിയ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ‘ഒരു വടക്കന്‍ സെല്‍ഫി’, ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്നീ സിനിമകളുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ മനോജ് ജി കൃഷ്ണന്‍ എന്നിവരും പ്രജിത്തിനൊപ്പം നിര്‍മ്മതാക്കളായുണ്ട്. പിജി പ്രഗീഷ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബിജിബാല്‍ ആണ്. ഛായാഗ്രഹണം എസ് കുമാര്‍.