‘ആ ലെനിന്റെ നാട്ടിലെ നവംബറേഴിനിന്നലെ…..’ വിപ്ലവ സ്മരണയിലിരമ്പുന്ന ഒരു ജനതയെയാകെ ആവേശത്തിലാക്കുന്ന ഈ മുദ്രാവാക്യത്തിന്‍റെ പിറവിക്ക് കാരണമായ വിപ്ലവം ജനിച്ചിട്ട് ഇന്നേക്ക് 102 വര്‍ഷം.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗത്തിനാകെ ആശയും ആവേശവുമായ ഒക്ടോബര്‍ വിപ്ലവത്തിനിന്ന് 102 വയസ്.

സാര്‍ ചക്രവര്‍ത്തിമാരുടെ കിരാതഭരണത്തിനറുതി വരുത്തി ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്ത ഒക്ടോബര്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത് 1917 ഒക്ടോബര്‍ ആറിന് അര്‍ദ്ധ രാത്രിയായിരുന്നു. ലോകമാകമാനം കമ്യൂണിസ്റ്റ് ആശയങ്ങളെയും ചിന്തകളെയും പ്രതീക്ഷയോടെ നോക്കിക്കണ്ട നാളുകളുടെ തുടക്കം അവിടെ നിന്നുമായിരുന്നു.

1917 മാര്‍ച്ചില്‍ റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അധികാരത്തില്‍ വന്ന കെറന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള താത്കാലിക ഗവണ്മെന്റിന്റെ ആഭ്യന്തര വിദേശനയങ്ങളില്‍ ജനങ്ങള്‍ പൊതുവെ അസന്തുഷ്ടരായിരുന്നു. ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന റഷ്യന്‍ പട്ടാളക്കാരില്‍ യുദ്ധവിരുദ്ധ മനോഭാവം വളര്‍ന്നുവന്നിരുന്നു.

പലരും യുദ്ധരംഗത്തുനിന്നും പലായനം ചെയ്തു. യുദ്ധംമൂലമുണ്ടായ വിലവര്‍ദ്ധന തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കി. ഭൂപരിഷ്‌കരണ മേഖലയിലെ അപര്യാപ്തത കര്‍ഷകരെയും അസന്തുഷ്ടരാക്കിയിരുന്നു.

പ്രാരംഭത്തില്‍തന്നെ യുദ്ധത്തിനെതിരായ ഒരുനിലപാടാണ് ബോള്‍ഷെവിക്കുകള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ സൈനികര്‍ പൊതുവേ ബോള്‍ഷെവിക് ചായ്വുള്ളവരായിരുന്നു. സര്‍വസൈന്യാധിപനായിരുന്ന കോര്‍ണിലോഫ് (1870-1918) കെറന്‍സ്‌കിയുടെ താത്കാലിക ഭരണത്തിനെതിരെ ഒരു സൈനിക കലാപം നടത്തിയെങ്കിലും വിജയിച്ചില്ല; പക്ഷേ അത് കെറന്‍സ്‌കി ഗവണ്മെന്റിന്റെ ഭരണപരവും രാഷ്ട്രീയവുമായ ബലഹീനതകളെ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു.

1917 നവംബര്‍ 5-ന് പെട്രോഗ്രാഡിലെ പീറ്റര്‍ ആന്‍ഡ് പോള്‍ കോട്ട കാത്തുസൂക്ഷിച്ചിരുന്ന പടയാളികളെ അഭിസംബോധനചെയ്ത ബോള്‍ഷെവിക് നേതാവ് ട്രോട്‌സ്‌കി അവരെ സ്വാധീനിച്ച് സ്വന്തം പക്ഷത്തിലാക്കി.

സാറിന്റെ സ്ഥാനത്യാഗ (1917 മാര്‍ച്ച് 2) ത്തിനു ശേഷം നിലവില്‍വന്ന ഭരണകൂടത്തിലെ നീതിന്യായവകുപ്പു മന്ത്രിയായ കെറന്‍സ്‌കി, കലാപത്തിന് ആഹ്വാനം നല്‍കിയതിന്റെ പേരില്‍ വര്‍ക്കേഴ്‌സ് റോഡ്, സോള്‍ജര്‍ എന്നീ ബോള്‍ഷെവിക്ക് പത്രങ്ങളുടെ പ്രസിദ്ധീകരണം തടയാന്‍ തീരുമാനിച്ചു.

1917 ജൂലൈയിലെ കലാപത്തില്‍ പങ്കെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയച്ചവരെ മുഴുവന്‍ വീണ്ടും തടവിലാക്കി. ബോള്‍ഷേവിക് നിയന്ത്രണത്തിലായിരുന്ന മിലിട്ടറി റവല്യൂഷനറി കമ്മറ്റി അഗങ്ങളുടെ മേല്‍ ക്രിമിനല്‍ നടപടികളും ആരംഭിച്ചു.

നവംബര്‍ 6 ന് പത്രങ്ങളുടെ പ്രസിദ്ധീകരണം ഗവണ്മെന്റു തടഞ്ഞു. എങ്കിലും 7 നു തന്നെ അവ തുടര്‍ന്നു പ്രസിദ്ധീകരിക്കുന്നതില്‍ മിലിട്ടറി റവല്യൂഷണറി കമ്മിറ്റി വിജയിച്ചു.

സ്ഥിതിഗതികളെ നേരിടാന്‍ കോറന്‍സ്‌കി, കൗണ്‍സില്‍ ഓഫ് ദി റിപ്പബ്ലിക്കിന്റെ സഹായം തേടി. ഒരു ഇടതുപക്ഷ മെന്‍ഷെവിക്ക് മാര്‍ട്ടോവ്, ആസന്നമായ സായുധകലാപത്തെ അപലപിച്ചുകൊണ്ടും ഭൂവിതരണത്തെ ത്വരിതപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുമുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കൗണ്‍സില്‍ ഇവ പാസാക്കി.

നവംബര്‍ 6-നു ചേര്‍ന്ന ബോള്‍ഷെവിക് പാര്‍ട്ടിയുടെ കേന്ദ്രസമിതി വിപ്ലവപരിപാടിക്ക് അന്തിമ രൂപം നല്‍കി. വിപ്ലവകാലത്ത് സമിതി അംഗങ്ങള്‍ക്ക് പ്രത്യേകം ചുമതലകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു; സൈനിക നേതൃത്വം അന്തോനോവ്, പൊഡ്വോയ്‌സ്‌കി, ചഡ്‌നോവ്‌സ്‌കി എന്നിവരിലാണ് നിക്ഷിപ്തമായിരുന്നത്.

നവംബര്‍ 6-ന് രാത്രയും 7-നു പ്രഭാതത്തിനുമിടയ്ക്ക് കലാപകാരികള്‍ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കി. രണ്ടു റയില്‍റോഡുകളും സ്റ്റേഷനുകളും സ്റ്റേറ്റുബാങ്കും കേന്ദ്ര ടെലഫോണ്‍ സ്റ്റേഷനും അവര്‍ കൈവശപ്പെടുത്തി.

കെറന്‍സ്‌കി ഗണ്മെന്റിന്റെ ആസ്ഥാനമായിരുന്ന വിന്റര്‍ പാലസ്സിലേക്കുള്ള ടെലഫോണ്‍ ബന്ധം അവര്‍ വിച്ഛേദിച്ചു. നവംബര്‍ 7-നു വിപ്ലവനേതൃത്വത്തിന്റെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ തീരുമാനത്തിനു കാത്തിരിക്കാതെ ജന്മിമാരുടെ ഭൂമി മുഴുവന്‍ പിടിച്ചെടുക്കുവാന്‍ ആഹ്വാനം ചെയ്തു.വ്യവസായശാലകളുടെ ഭരണം നടത്തുവന്‍ അവയിലെ തൊഴിലാളികളെത്തന്നെ ചുമതലപ്പെടുത്തി.

അതിനിടയില്‍ താത്കാലിക ഗവണ്മെന്റിനോട് കൂറുള്ള പട്ടാളക്കാരെ യുദ്ധമുന്നണിയില്‍നിന്നു തലസ്ഥാനത്തേക്കു കൊണ്ടുവരുവാനായി കെറന്‍സ്‌കി വിന്റര്‍ പാലസില്‍ നിന്നു തിരിച്ചു. ഇക്കാലത്ത് കൊനോവാലോഫ് ആക്ടിങ് പ്രധാനമന്ത്രി ആയി.

ഒരു കാഡറ്റ് ആയിരുന്ന കിഷ്‌കിനെ പെട്രോഗാഡില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ കമ്മിസാര്‍ ആയി നിയമിച്ചു. എന്നാല്‍ ഈ ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിയില്ല; കാരണം കൂറുള്ള പട്ടാളക്കാരുടെ സംഖ്യ 1,000 നും 2,000 മധ്യേ മാത്രമായിരുന്നു.

നവംബര്‍ 8 നു ബോള്‍ഷെവിക് നേതാവ് ലെനിന്‍ ഒളിവില്‍ നിന്നു പുറത്തുവന്ന് പെട്രോഗ്രാഡ് സോവിയറ്റിയൂണിയനെ അഭിസംബോധന ചെയ്യുകയുണ്ടായി. കൗണ്‍സില്‍ ഒഫ് ദി റിപബ്ലിക് സമ്മേളിച്ചിരുന്ന മരിന്‍സ്‌കി പാലസ് വിപ്ലവകാരികള്‍ വളഞ്ഞു. കേവലമായ പ്രതിഷേധ പ്രകടനത്തിനു ശേഷം കൗണ്‍സില്‍ അംഗങ്ങള്‍ പിരിഞ്ഞുപോയി.

തുടര്‍ന്ന് വിന്റര്‍ പാലസ് കൈയടക്കാന്‍ വിപ്ലവകാരികള്‍ ശ്രമിച്ചു. കീഴടങ്ങുവാന്‍ 20 മിനിറ്റ് സമയം ഗവണ്മെന്റിനു നല്‍കി. ആശനശിച്ച സൈനിക നേതൃത്വം പൊതുവേ കീഴടങ്ങുവാന്‍ സന്നദ്ധമായിരുന്നു.

എന്നാല്‍ കിഷ്‌കിനും മന്ത്രിമാരും ചെറുത്തു നില്‍ക്കുവന്‍ തീരുമാനിച്ചു. വിപ്ലവകാരികള്‍ പാലസ്സിനു ചുറ്റും ഉപരോരോധമേര്‍പ്പെടുത്തി. മന്ത്രിമാര്‍ അറസ്റ്റു ചെയ്യപ്പെട്ടു.; വിന്റര്‍പാലസ് വിപ്ലവകാരികള്‍ക്കധീനമായി.

സംഘര്‍ഷം നിറഞ്ഞ ഈ അന്തരീക്ഷത്തില്‍, തൊഴിലാളികളുടെയും പട്ടാളക്കാരുടെയും ഡെപ്യൂട്ടികളുടെ സോവിയറ്റുകളുടെ രണ്ടാംകോണ്‍ഗ്രസ് സ്‌മോള്‍നിയില്‍ ചേര്‍ന്നു. ഇതില്‍ ബോള്‍ഷെവിക്കുകള്‍ക്ക് നിര്‍ണായക ഭൂരിപക്ഷമുണ്ടായിരുന്നു.

ന്യൂനപക്ഷമായിരുന്ന മെന്‍ഷെവിക്കുകളും സോഷ്യലിസ്റ്റ് റവല്യൂഷനറികളും ബോള്‍ഷെവിക്കുകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു. ഇവര്‍ പഴയ ഡ്യൂമാ ഡെപ്യൂട്ടികളുമായി ചേര്‍ന്ന് സാല്‍വേഷന്‍ കമ്മിറ്റി (Committee for the Salvation of the Country) രൂപവത്കരിച്ചു.

ബോള്‍ഷെവിക്കുകളെ എതിര്‍ക്കുക, രണ്ടാം കോണ്‍ഗ്രസ്സിന്റെ തീരുമാനങ്ങള്‍ അസാധുവായി പ്രഖ്യാപിക്കുക ഇവയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. അവരുടെ പ്രഖ്യപനത്തില്‍ ഒരു കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി വാഗ്ദാനം ചെയ്തതിനു പുറമേ അക്രമത്തിലൂടെ അധികാരത്തില്‍ വന്ന ബോള്‍ഷെവിക്ക് ഗവണ്മെന്റിനെ നിരാകരിക്കുവനും ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് സോവിയറ്റുകളുടെ കോണ്‍ഗ്രസ് മുന്‍ഗവണ്മെന്റുകളുടെ രഹസ്യ നയതന്ത്രത്തിന് അറുതിവരുത്തുവാനും രഹസ്യക്കരാറുകള്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു ജര്‍മനിയുമായി മൂന്നു മാസത്തെ യുദ്ധവിരാമം നിര്‍ദ്ദേശിച്ചതിനു പുറമേ സമാധാനത്തിനു വേണ്ടിയുള്ള തങ്ങളുടെ ശ്രമത്തിന് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ തൊഴിലാളികളുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.

ഭൂവിതരണത്തിന്റെ മേഖലയിലും സുപ്രധാനമായ ചില തീരുമാനങ്ങള്‍ കോണ്‍ഗ്രസ് കൈക്കൊണ്ടു. ഭരണത്തിനായി ഒന്നാമത്തെ കൗണ്‍സില്‍ ഒഫ് പീപ്പിള്‍സ് കമ്മിസാര്‍സ് രൂപവത്കരിച്ചതായിരുന്നു കോണ്‍ഗ്രസിന്റെ മറ്റൊരുനേട്ടം. ലെനിന്‍ ഇതിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യത്തിന്റെ ചുമതല ട്രോട്‌സ്‌കിക്കായിരുന്നു.

പുതിയ ഭ്രണകൂടത്തെ ഡോണ്‍, കുബാന്‍, കീവ്, എന്നിവിടങ്ങളിലെ കൊസാക്കുകള്‍ എതിര്‍ത്തു. വിപ്ലവത്തിനെതിരായി പോള്‍ക്കോനിക്കോഫിന്റെ നേതൃത്വത്തില്‍ ഇവര്‍ ആക്രമണമാരംഭിച്ചു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ അമര്‍ച്ചചെയ്യപ്പെട്ടു. അന്നത്തെ റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ മോസ്‌കോയും വിപ്ലവകാരികള്‍ക്കധീനമായി.

ഇതിനിടയില്‍ അധികാരം പിടിച്ചെടുക്കുവാന്‍ കെറന്‍സ്‌കി ഒരു വിഫലശ്രമം നടത്തി. ചെറിയ ഒരു സൈന്യത്തിന്റെ പിന്തുണയോടെയാണ് കെറന്‍സ്‌കി ഇതിനുദ്യമിച്ചത്. പരാജിതനായ ഇദ്ദേഹം മൂന്നാം കുതിരപ്പടയുടെ കമാന്‍ഡറായിരുന്ന പി. എന്‍. ക്രാസ്റ്റോഫിന്റെ സഹായത്തോടെ അധികാരത്തിലെത്തുവാന്‍ ഒരന്തിമശ്രമതിലേര്‍പ്പെട്ടു. കേവലം 700 കൊസാക്കുകളുമായി പെട്രോഗ്രാഡിനെ ലക്ഷ്യമാക്കി നീങ്ങിയ ക്രാസ്റ്റോഫിന് ചില പ്രാഥമിക വിജയങ്ങള്‍ കിട്ടിയെങ്കിലും അവസാനം പിന്തിരിയേണ്ടിവന്നു.

വിപ്ലവത്തെ പരാജയപ്പെടുത്തുവാനും അധികാരം പിടിച്ചെടുക്കുവാനുമുള്ള കെറന്‍സ്‌കിയുടെ ശ്രമത്തിന് ഇതോടെ തിരശീല വീണു. ഒരു നാവികന്റെ വേഷത്തില്‍ ഇദ്ദേഹം റഷ്യയില്‍ നിന്നു പലായനം ചെയ്തു. ബോള്‍ഷെവിക്കുകളുടെ റഷ്യയുടെ മേലുള്ള പിടി ഇതോടെ സുസ്ഥിരമായി.