മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ നടന്‍ ജോസ് ഇന്നും മലയാളികള്‍ക്ക് മറക്കാനാകാത്ത പ്രണയ നായകനാണ്.

അംബികയ്ക്കും സീമക്കുമൊപ്പം ജോസ് അഭിനയിച്ച സിനിമകളിലെ പ്രണയ ഗാനങ്ങള്‍ പലതും മലയാളിക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

മീന്‍, തുഷാരം, ആറാട്ട് തുടങ്ങി പല ചിത്രങ്ങളിലും സീമയ്‌ക്കൊപ്പം ഡാന്‍സ് രംഗങ്ങളുമുണ്ട്. സീമക്കൊപ്പം തുഷാരത്തിലെ ഒരു പാട്ട് കണ്ട ജോസ് അന്നത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു.

ഒരിക്കല്‍ ഒരു സെറ്റില്‍ വെച്ച് സീമയോട് ഡാന്‍സ് പഠിപ്പിച്ചു തരാമോ എന്ന് ചോദിച്ചു. അന്നത്തെ സൂപ്പര്‍സ്റ്റാര്‍ സംവിധായകന്‍ ഐവി ശശിയുടെ ഭാര്യ ആയ സീമ ഒരു മടിയുമില്ലാതെ ഒരുപാട് തവണ ഓരോ സ്റ്റെപ്പും റിഥവും പഠിപ്പിച്ചു. ഡാന്‍സ് പഠിപ്പിക്കൂ എന്ന് പറഞ്ഞു ഒരുപാട് തവണ സീമയെ ബുദ്ധിമുട്ടിച്ചുണ്ട്.

തന്റെ സിനിമകളില്‍ എന്തെങ്കിലും നന്നായി ഡാന്‍സ് ചെയ്യാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതിനു സീമയോടാണ് കടപ്പാടെന്നും ജോസ് ജെബി ജങ്ഷനില്‍ പറഞ്ഞു.

ആദ്യമായാണ് ഈ കാര്യം തുറന്നു പറയാന്‍ പറ്റുന്നത് എന്ന് പറഞ്ഞ ജോസ് പാട്ടിനൊപ്പം ചുവട് വെച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.