ഇടുക്കി: ശാന്തന്‍പാറ റിജോഷ് കൊലപാതകത്തില്‍ കുറ്റംസമ്മതിച്ച് റിസോര്‍ട്ട് മാനേജര്‍ തൃശൂര്‍ സ്വദേശിയായ വസീമിന്റെ വീഡിയോ.

കൊന്നത് താനാണെന്നും കൊലയില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വസീം ഏറ്റുപറയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് സഹോദരന്‍ പൊലീസിന് കൈമാറി.

ഒരാഴ്ച മുമ്പ് കാണാതായ റിജോഷിന്റെ മൃതദേഹം പുത്തടിക്ക് സമീപത്തെ മഷ്റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

റിജോഷിനെ ഭാര്യയും റിസോര്‍ട്ട് മാനേജരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന സംശയം നേരത്തെ ഉയര്‍ന്നിരുന്നു. സംഭവ ശേഷം റിജോഷിന്റെ ഭാര്യ ലിജിയെയും വസീമിനെയും കാണാനില്ലായിരുന്നു.

അതേസമയം, ഇരുവരെയും കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. റിജോഷിന്റെ വീട്ടുകാര്‍ ശാന്തന്‍പാറ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.