കാലാവസ്ഥാ വ്യതിയാനത്തില്‍ ആശങ്ക പങ്കുവച്ച് ശാസ്ത്രസമൂഹം.153 രാജ്യങ്ങളില്‍നിന്നുള്ള 11258 ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസ് പുറത്തിറക്കുന്ന ബയോസയന്‍സ് എന്ന ജേണലാണ് മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്.പാരിസ് ഉടമ്പടിയില്‍നിന്ന് പിന്‍വാങ്ങാന്‍ അമേരിക്ക യുഎന്നിന് നോട്ടീസ് നല്‍കിയതിന് പിറ്റേന്നാണ് ജേണല്‍ പുറത്തിറങ്ങിയത്.

40 വര്‍ഷംമുമ്പ് 50 രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ ആദ്യ ലോക കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ നല്‍കിയ മുന്നറിയിപ്പ് അടിയന്തര നടപടികള്‍ ആവശ്യമാക്കുന്നതായിരുന്നു എന്ന് ശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിച്ചു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും വര്‍ധിച്ച തെളിവുകളുമുണ്ടായിട്ടും ആഗോള താപനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ പ്രസരണം കുതിച്ചുയരുകയാണ്. ഇത് പരിഹരിക്കാന്‍ ആറ് അടിസ്ഥാന നടപടികള്‍ ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്തു.

ഫോസില്‍ ഇന്ധന ഉപയോഗവും മലിനീകരണവും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ ഊര്‍ജ സംരക്ഷണ നടപടികള്‍ ആരംഭിക്കുക, കാര്‍ബണ്‍ വലിച്ചെടുക്കുന്നതില്‍ വനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നതിനാല്‍ സ്വാഭാവിക പ്രകൃതി സംരഷിക്കുക, പ്രധാനമായും സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിലേക്ക് മാറുക എന്നിവ ഇതിലുള്‍പ്പെടുന്നു.