ഏറ്റുമാനൂരില്‍ അരിച്ചാക്കുകള്‍ക്കിടയില്‍ അലുമിനിയം ഫോസ്‌ഫേഡിന്റെ പൊടി കണ്ടെത്തി

ഏറ്റുമാനൂരില്‍ സ്വകാര്യ അരി വ്യാപാര കേന്ദ്രത്തില്‍ അരി ചാക്കുകള്‍ക്കിടയില്‍ അലുമിനിയം ഫോസ്‌ഫേഡിന്റെ പൊടി കണ്ടെത്തി. ലോഡുമായെത്തിയ ലോറിയിലെ അരിച്ചാക്കുകള്‍ക്കിടയിലാണ് രാസപ്പൊടി കണ്ടത്. കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന.

കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ അരി വ്യാപാര കേന്ദ്രത്തിലെത്തിയ ലോറിയിലെ അരിച്ചാക്കുകള്‍ക്കിടയിലാണ് സെല്‍ഫോസ് എന്ന അലുമിനിയം ഫോസ്‌ഫേഡിന്റെ പൊടി കണ്ടെത്തിയത്. പൊടി അരിച്ചാക്കുകള്‍ക്കിടയില്‍ വിതറിയ നിലയിലായിരുന്നു.

കയറ്റിറക്കിനെത്തിയ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. അരിയുമായി നേരിട്ട് കൂടിക്കലരാന്‍ പാടില്ലാത്ത രാസപ്പൊടിയാണ് കണ്ടെത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവത്തില്‍ വ്യാപാരിയോട് വിശദീകരണം തേടുമെന്ന് ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടിപി മോഹന്‍ദാസ് വ്യക്തമാക്കി. അരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അഞ്ചോളം തൊഴിലാളികള്‍ക്കാണ് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഇവര്‍ ചികിത്സ തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here