ദില്ലിയില്‍ പൊലീസ് – അഭിഭാഷക തര്‍ക്കം അയയുന്നു

ദില്ലി പൊലീസ് – അഭിഭാഷക തര്‍ക്കം അയയുന്നു. ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ അഭിഭാഷകര്‍ കോടതികളില്‍ ഹാജരായി. പ്രതിഷേധം അവസാനിപ്പിച്ച് പൊലീസും ജോലിയില്‍ പ്രവേശിച്ചു. അതേസമയം വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

പൊലീസ് നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അഭിഭാഷകര്‍ കോടതികളില്‍ ഹാജരായത്. എന്നാല്‍ 7 ദിവസത്തിനകം പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം സംഘര്‍ഷത്തിനിടെ വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് പിസ്റ്റള്‍ തട്ടിയെടുത്ത അഭിഭാഷകര്‍ക്കെതിരെ ദില്ലി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് വിമര്‍ശനമുയര്‍ന്നു.

വെടിയുണ്ടകള്‍ നിറച്ച നിലയിലായിരുന്ന തോക്കാണ് അഭിഭാഷകര്‍ തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുടെ പരാതിയില്‍ പോലീസിന് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വന്നു. പുനപരിശോധനാ ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി നടപടിയില്‍ എതിര്‍പ്പുണ്ടെങ്കിലും പൊലീസുകാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റവും രണ്ടു പേര്‍ക്ക് സസ്പെന്‍ഷനും നല്‍കാനാണ് കോടതി ഉത്തരവ്. അതേസമയം വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം നിരസിച്ചത്.മാധ്യമങ്ങള്‍ അഭിഭാഷകരെ മോശമായി ചിത്രീകരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here