കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരിയില്‍ ജനതയുടെ കൂട്ടായ്മ.പ്രതിഷേധ ജ്വാല തെളിച്ചായിരുന്നു നീതി നിഷേധത്തിന് എതിരായ ജനകീയ പ്രതിഷേധം.സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ജ്വാല കൊളുത്തി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

നാട് സ്‌നേഹിക്കുന്ന ജനനേതാക്കളെ ചെയ്യാത്ത കുറ്റത്തിന് നാട് കടത്തിയ നീതി നിഷേധത്തിന് എതിരെയായിരുന്നു ജനകീയ കൂട്ടായ്മ.കാരായി രാജനും ചന്ദ്രശേഖരനും നേരെ നടക്കുന്ന സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനം ഏഴര വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ നീതി തേടിയാണ് തലശ്ശേരിയിലെ ജനത ജ്വാല തെളിച്ചത്. കാരായി രാജന്റേയും ചന്ദ്രശേഖരന്റെയും കാര്യത്തില്‍ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പി ശശി, എം സി പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫസല്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളായ ആര്‍ എസ് എസ്സുകാര്‍ കുറ്റം ഏറ്റുപറഞ്ഞിട്ടും കാരായി രാജനെയും ചന്ദ്രശേഖരനെയും വേട്ടയാടുകയാണ് സി ബി ഐ എന്ന് സിപിഐ എം നേതാക്കള്‍ ചൂണ്ടക്കാട്ടി.

വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പിടിയിലായ ആര്‍ എസ് എസ്സുകാരന്‍ കുപ്പി സുബീഷ് നടത്തിയ കുറ്റ സമ്മത മൊഴിയില്‍ ഫസലിനെ കൊന്നത് താന്‍ ഉള്‍പ്പെടുന്ന ആര്‍ എസ് എസ്സുകാരാണ് എന്ന് ഏറ്റുപറഞ്ഞിട്ടും പുനരന്വേഷണം നടത്തി നീതി നടപ്പാക്കാന്‍ സി ബി ഐ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ കൂടിയായ കാരായിമാര്‍ക്ക് നീതി തേടി ജനകീയ പ്രതിഷേധങ്ങള്‍ തുടരുന്നത്.