ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതിക്ക്‌ രണ്ട്‌ ദിവസത്തിനകം അപേക്ഷിച്ചത്‌ 17,433 ജീവനക്കാർ. ബുധനാഴ്‌ച മുതലാണ്‌ ഓൺലൈനായി വിആർഎസിന് അപേക്ഷ തുടങ്ങിയത്‌. ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരാണിത്‌.

കേരളത്തിൽനിന്ന്‌ മുന്നൂറിലധികം ജീവനക്കാരും അപേക്ഷിച്ചിട്ടുണ്ട്‌. കേരളത്തിലാകെ 9545 ജീവനക്കാരാണുള്ളത്‌. ഇതിൽ 6700 പേർ വിആർഎസ്‌ പരിധിയിൽപെടും.

ഡിസംബർ 3 വരെ അപേക്ഷിക്കാം. ജനുവരി 31ന്‌ വിആർഎസ് പ്രാബല്യത്തിൽ വരും. 50 വയസ്സിനു മുകളിലുള്ള സ്ഥിരം ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങളിൽനിന്ന്‌ ഡെപ്യൂട്ടേഷനിൽ വന്നവർക്കും അപേക്ഷിക്കാം.

80,000 പേർ വിആർഎസ്‌ എടുക്കുമെന്നാണ്‌ കണക്കുകൂട്ടുന്നതെങ്കിലും ആദ്യ രണ്ട്‌ ദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് ഒരു ലക്ഷത്തിലധികമാളുകൾ വിആർഎസ്‌ എടുക്കുമെന്നതാണ്‌.

50 വയസ്സിനു മുകളിലുള്ള 1,09,208 ജീവനക്കാരാണ്‌ ബിഎസ്‌എൻഎല്ലിലുള്ളത്‌. കഴിഞ്ഞ മൂന്നുമാസമായി ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചും ആനുകൂല്യങ്ങൾ തടഞ്ഞുവച്ചുമാണ്‌ ജീവനക്കാരെ നിർബന്ധിത വിആർഎസിന്‌ കേന്ദ്രം മാനസികമായി തയ്യാറെടുപ്പിച്ചത്‌.

വിആർഎസ്‌ തുകയിൽ 30 ശതമാനം ആദായനികുതി നൽകണമെന്ന വ്യവസ്ഥയുണ്ടായിട്ടുപോലും ജീവനക്കാർ കൂട്ടത്തോടെ വിആർഎസിന്‌ തയ്യാറായതും ഈ കാരണത്താലാണ്‌.

ഉത്തരവാദി കേന്ദ്രസർക്കാർ: സിഐടിയു

ഏഴ്‌ മാസമായി ശമ്പളം ലഭിക്കാതെ ജീവിതം വഴിമുട്ടിയ ബിഎസ്എൻഎൽ കരാർ തൊഴിലാളി രാമകൃഷ്ണന്റെ ആത്മഹത്യയ്‌ക്ക്‌ ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

രാമകൃഷ്ണന്റെ കുടുംബത്തെ സംരക്ഷിക്കാനും, ഇനി ഒരു തൊഴിലാളി ആത്മഹത്യ ചെയ്യാതിരിക്കാനും കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

ഭാര്യയും രണ്ട് മക്കളുമുള്ള ഭിന്നശേഷികാരനായ രാമകൃഷ്ണൻ താൽക്കാലിക അടിസ്ഥാനത്തിൽ തൂപ്പുവേല ചെയ്തിരുന്ന ആളാണ്. ഈ വരുമാനത്തിലാണ്‌ കുടുംബം ജീവിച്ചത്. അത്‌ മുടങ്ങി. ഗത്യന്തരമില്ലാതെ രാമകൃഷ്ണൻ ആത്മഹത്യ ചെയ്തു.

പലരും ആത്മഹത്യയുടെ വക്കിലാണ്‌. റിലയൻസ് ജിയോയെ സഹായിക്കാനുള്ള കേന്ദ്രനയമാണ്‌ ബിഎസ്എൻഎല്ലിനെ തകർക്കുന്നത്.

ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ എല്ലാ തൊഴിലാളികളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

പടിയിറങ്ങുന്നത്‌ 8000 പേർ

പത്തുമാസമായി 10 പൈസപോലും ശമ്പളംകിട്ടാതെ ജീവിതം വഴിമുട്ടിയ എണ്ണായിരം കരാർ തൊഴിലാളികൾ വെറുംകൈയോടെ ബിഎസ്‌എൻഎല്ലിന്റെ പടിയിറങ്ങേണ്ടി വരും. 30 വർഷംവരെ തുച്ഛമായ കൂലിക്ക്‌ പണിയെടുത്തവരാണ്‌ പെരുവഴിയിലായത്‌. ‌

കരാർ തൊഴിലാളികൾക്ക് മാർച്ച് മുതലുള്ള ശമ്പളം കുടിശ്ശികയാണ്‌. സ്ഥിരം ജീവനക്കാർ സ്വയം വിരമിക്കലിന്‌ ഒരുങ്ങുമ്പോൾ കരാർ ജീവനക്കാർക്ക്‌ ശമ്പളകുടിശ്ശിക കിട്ടുമെന്നുപോലും ഉറപ്പില്ല.

ഇപിഎഫ്, ഇഎസ്ഐ പിടുത്തങ്ങൾക്കുശേഷം 376 രൂപ ദിവസവേതനം വാങ്ങിയവരാണിവർ. 2019 ജനുവരി മുതൽ രണ്ടായിരത്തിലധികം കരാർ തൊഴിലാളികളെയാണ്‌ ബിഎസ്‌എൻഎൽ പുറത്താക്കിയത്‌. 60 വയസ്സായവരെ ആദ്യം പിരിച്ചുവിട്ടു. പിന്നീട്‌ 58 കാരെയും 56 കാരെയും പുറത്താക്കി. ഇപ്പോൾ 52 കഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കുകയാണ്‌.

മാസം മുഴുവൻ ജോലി ചെയ്‌ത ഇവരോട്‌ ഇനി 15 ദിവസംമാത്രം മതിയെന്നും ദിവസം ഒമ്പത്‌ മണിക്കൂറുണ്ടായിരുന്ന ജോലി മൂന്ന്‌ മണിക്കൂർമാത്രം മതിയെന്നും ഉത്തരവിറങ്ങി.