കേരള കോൺഗ്രസ് (എം) ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങളുടെ നേതൃയോഗങ്ങൾ ഇന്ന് കോട്ടയത്ത് ചേരും. രാവിലെ 10 മുതൽ വൈകിട്ട് വരെ കോട്ടയത്ത് രണ്ടിടങ്ങളിലായിട്ടാണ് യോഗം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ആവശ്യപ്പെട്ടുള്ള തർക്കത്തിൽ ഇടപെട്ടതോടെയാണ് ഇരുവിഭാഗങ്ങളും യോഗം ചേരുന്നത്.

ഒപ്പം കട്ടപ്പന കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുപക്ഷവും മുതിർന്ന നേതാക്കളെ ഒപ്പം നിർത്താനാണ് ശ്രമിക്കുന്നത്.

സമാന്തര സംസ്ഥാന കമ്മിറ്റി വിളിച്ച് ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിക്ക് കോടതിയിൽ ഉണ്ടായ തിരിച്ചടി ജോസഫിന് അനുകൂലമായി.

എന്നാൽ സംസ്ഥാന സമിതിയും, സ്റ്റിയറിംഗ് കമ്മിറ്റിയിലും നിലവില്‍ ജോസ് കെ മാണിക്കാണ് മേൽക്കൈ. ഹൈപ്പവര്‍ കമ്മിറ്റിയില്‍ മാത്രമാണ് ജോസഫിന് മുൻതൂക്കം. 5 എം.എൽ.എമാരിൽ മൂന്ന് പേരും ജോസഫിനൊപ്പമുണ്ടെന്നതും ആശ്വാസമാണ്.

എന്നാൽ പാര്‍ട്ടിയും ചിഹ്നവും തങ്ങളുടെതാണെന്ന് അവകാശപ്പെട്ട് ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിൽ പി.ജെ ജോസഫിൻറെ മറുപടിയ്ക്കൊപ്പം പാർട്ടി രേഖകൾ ഈ മാസം 26 ന് മുൻപ് ഹാജരാക്കാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മേൽനോട്ടത്തിൽ ചെയർമാനെ കണ്ടെത്താൻ വോട്ടെടുപ്പ് നടന്നേക്കുമെന്ന ആശങ്കയും ജോസഫ് പക്ഷത്തിനുണ്ട്.

അത് മറികടക്കാൻ ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ നേതാക്കളെ അടർത്തി ഒപ്പം നിർത്താനാണ് പിജെ ജോസഫിന്റെ ശ്രമം.

കോട്ടയത്ത് നേതൃയോഗത്തിന്റെ പ്രധാന അജണ്ടയും ഇതുതന്നെ. എന്നാൽ കൊഴിഞ്ഞുപോക്ക് തടയാൻ ജോസ് കെ മാണി പക്ഷവും ജാഗ്രതയോടെ രംഗത്തുണ്ട്. ജോസ് കെ മാണി വിഭാഗത്തിന്റെ സ്റ്റീയറിംഗ് കമ്മിറ്റി – ഉന്നതാധികാരസമിതി യോഗങ്ങളും ഇന്ന് ചേരും.

തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ ശക്തി തെളിയിക്കാനുള്ള തന്ത്രങ്ങളാണ് ഇരുവിഭാഗങ്ങളും ഇന്ന് പ്രധാനമായും രൂപപ്പെടുത്തുക.