‘കൊല്ലം ഫോര്‍ കേരള’; ദേശീയ വോളിബോള്‍-കബഡി മത്സരത്തിന് ആവേശത്തുടക്കം

കേരളത്തിന്റെ പുനര്‍നിര്‍മാണത്തെ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കബഡി-വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വല തുടക്കം.

ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കലാസംഘടനയായ ജ്വാല അവതരിപ്പിച്ച നാടന്‍പാട്ടുകളോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

കളിക്കളത്തില്‍ നിന്ന് കായികതാരങ്ങളും കായികപ്രേമികളും വിദ്യാര്‍ഥികളും അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടത്തി. റെയില്‍വെ സ്റ്റേഷന് മുന്നിലൂടെ ദേശീയ പാത വലംവച്ച് തിരികെ സ്റ്റേഡിയത്തില്‍ അവസാനിച്ച മാര്‍ച്ച് പാസ്റ്റിന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, വൈസ് പ്രസിഡന്റ് കെ. രാമഭദ്രന്‍, എ. ഡി. എം. പി. ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

കായിക വകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ കായികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കായികാഭിമുഖ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കായിക ഇനങ്ങളെയും ലക്ഷ്യമാക്കി കൂടുതല്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. ദേശീയ – അന്തര്‍ദേശീയ മത്സര വിജയികള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുകയാണ്.

വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് കുടുതല്‍ ടീമുകള്‍ക്ക് രൂപം നല്‍കുന്നു. താഴെത്തട്ടിലേക്ക് കായിക സംസ്‌കാരം വളര്‍ത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കുകയാണ്. പ്രാദേശിക കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ബീച്ച്‌ഗെയിംസും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കോവളം മുതല്‍ ബേക്കല്‍ വരെ കായിക താരങ്ങളെ അണിനിരത്തി കായികച്ചങ്ങല തീര്‍ക്കാനും ഉദ്ദേശിക്കുന്നു.
കുട്ടികളുടെ കായിക ഉന്നമനത്തിനായി അവര്‍ക്ക് പോഷകാഹാരം കഴിക്കുന്നതിനുള്ള പണം ഇനി നേരിട്ടു നല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യാതിഥിയായി പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഒരിക്കല്‍ കൂടി മുന്‍കൈയെടുക്കുന്ന കൊല്ലത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞു. കായിക രംഗത്തേക്ക് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുകയാണ്. ഇതിന്റെ കൂടി ഫലമായി സ്ത്രീകളുടെ മുന്നേറ്റം കായിക ഇനങ്ങളില്‍ വര്‍ധിച്ചു വരികയാണെന്നും അത് അത്യന്തം അഭിമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു.
എം. നൗഷാദ് എം. എല്‍. എ അധ്യക്ഷനായി. എം. മുകേഷ് എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന വോളിബോള്‍ – കബഡി മത്സരങ്ങള്‍ കണ്ടിട്ടാണ് മന്ത്രിമാര്‍ മടങ്ങിയത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ മേഴ്‌സിക്കുട്ടനടക്കം പ്രമുഖര്‍ മത്സരങ്ങള്‍ കാണാനെത്തി. ഉദ്ഘാടന കബഡി മത്സരത്തില്‍ 12 പോയിന്റ് മാത്രം നേടിയ ശ്രീലങ്കന്‍ ആര്‍മിയെ 46 പോയിന്റോടെ തകര്‍ത്താണ് കേരള പോലീസ് വിജയം നേടിയത്.
കായികോത്സവം തുടങ്ങുന്നതിന് മുമ്പ് ശ്രീലങ്കന്‍ ആര്‍മിയുടെ കബഡി ടീം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഉപഹാരവും കൈമാറി. ടീം ക്യാപ്റ്റന്‍ അനുര പതിരണെയാണ് ഉപഹാരം സമ്മാനിച്ചത്.

പ്രളയാതിജീവനത്തിനായി ഇങ്ങനെയൊരു കായികോത്സവം നടത്തുന്നത് മാതൃകാപരമാണെന്ന് അനുര പതിരെണെ പറഞ്ഞു. അഞ്ചു വര്‍ഷമായി ടീമിനെ നയിക്കുകയാണ്. സാഫ് ഗെയിംസിലെ മൂന്നാം സ്ഥാനവും ദേശീയതലത്തില്‍ ഒന്നാമതെത്തിയതുമാണ് മികച്ച നേട്ടങ്ങള്‍. ശക്തമായ മത്സരമാണ് ഇവിടെ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here