സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ മൂന്ന് പ്രവൃത്തി ദിനങ്ങള്‍; വിധി പറയുക ആറ് നിര്‍ണായക കേസുകളില്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി വിരമിക്കുന്നതിന് മുന്‍പുള്ള അവസാന 3 പ്രവൃത്തി ദിവസം കൊണ്ട് സുപ്രീംകോടതി 6 നിര്‍ണായക കേസുകളില്‍ വിധി പറയും.

ദീപാവലി അവധിക്ക് ശേഷമുള്ള ആദ്യവാരം ഒരു വിധി പ്രസ്താവവും നടത്തിയിരുന്നില്ല. ഇതോടെയാണ് ഒരുമിച്ച് വിധികള്‍ പറയുന്നത്.

അയോധ്യ, ശബരിമല കേസുകളിലടക്കമാണ് വിധിയുണ്ടാകുക ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി ഈ മാസം 17ന് വിരമിക്കുന്നതിനാല്‍ ദീപാവലി അവധിക്ക് ശേഷം അയോധ്യ, ശബരിമല, റഫാല്‍ കേസുകളിലടക്കം വിധിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു.

അവധിക്ക് ശേഷം ഈ മാസം നാലിന് സുപ്രീംകോടതി തുറന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറയാന്‍ മാറ്റിയ 6 കേസുകളില്‍ ഒന്നിലും കോടതി തുറന്ന ശേഷമുള്ള ആദ്യ ആഴ്ച വിധിയുണ്ടായില്ല. നവംബര്‍ 13 ബുധനാഴ്ച മാത്രമാണ് ഇനി കോടതി തുറക്കുക.

നവംബര്‍ 11,12 ദിവസങ്ങള്‍ സുപ്രീംകോടതി അവധിയാണ്. ചീഫ് ജസ്റ്റിസ് നവംബര്‍ 17നാണ് വിരമിക്കുന്നത് എങ്കിലും 16, 17 തീയതികള്‍ അവധി ദിനമാണ്.

അതിനാല്‍ ബാക്കിയുള്ളത് നവംബര്‍ 13,14,15, എന്നീ 3 പ്രവൃത്തി ദിവസങ്ങള്‍ മാത്രം. ഈ മൂന്ന് പ്രവൃത്തി ദിവസങ്ങളിലായി 6 കേസുകളില്‍ സുപ്രീംകോടതി വിധി പറയണം.

അയോധ്യ തര്‍ക്കഭൂമി കേസില്‍ അടുത്ത ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഒരു ദിവസമാകും വിധിയുണ്ടാകാന്‍ സാധ്യത. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ പുനപരിശോധനാ ഹര്‍ജികള്‍, റഫാല്‍ പുനപരിശോധനാ ഹര്‍ജികള്‍ എന്നിവയിലും കോടതി വിധി പറയും.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരായ കോടതി അലക്ഷ്യ ഹര്‍ജി, ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കുന്നതിന് എതിരെ ഇ.പി.എഫ്.ഒ. നല്‍കിയ പുനപരിശോധനാ ഹര്‍ജി, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരുമെന്ന ദില്ലി ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി എന്നിവയില്‍ വിധി വരുന്നതും ഈ 3 ദിവസങ്ങളിലായി തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here