പാലക്കാട്: മീനാക്ഷിപുരത്ത് 11 വയസ്സുകാരി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേസ് അട്ടിമറിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ. കോണ്‍ഗ്രസുകാരനായ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

2014 മെയ് 18നാണ് പതിനൊന്നു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീനാക്ഷിപുരത്തെ തോട്ടത്തില്‍ ജോലി ചെയ്തിരുന്ന ദമ്പതികളുടെ മകള്‍ തോട്ടമുടമയുടെ വീട്ടിലെ അടുക്കളയില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലായിരുന്നു.

തോട്ടമുടമയുടെ പ്രായമായ അമ്മയുടെ സഹായിയായി നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

കേസില്‍ പ്രതിയായ കോണ്‍ഗ്രസുകാരനായ തോട്ടമുടമ സെന്തില്‍ വേല്‍ ഗൗണ്ടറിനെ രക്ഷിക്കാന്‍ നേതാക്കള്‍ ഇടപെട്ടിരുന്നു. മകള്‍ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

ചിറ്റൂര്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷിച്ച കേസില്‍ പാലക്കാട് പോക്‌സോ കോടതിയില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.