തിരുവനന്തപുരം: ബന്ദിപ്പൂര്‍ രാത്രി യാത്രാനിരോധനം അടിയന്തരമായി നീക്കണമെന്ന് കേന്ദ്രത്തോട് കേരളം.

ഇക്കാര്യം ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി. വയനാട്ടിലേയും മലബാറിലേയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ നടപ്പടി വേണമെന്ന പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ചട്ടം 118 അനുസരിച്ച് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനാണ് എന്‍.എച്ച് 766ല്‍ നിലനില്‍ക്കുന്ന രാത്രികാല യാത്രാ നിരോധനത്തിനെതിരായ പ്രമേയം അവതരിപ്പിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂരില്‍ നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനം പകല്‍ കൂടി ഉണ്ടായേക്കുമെന്നുള്ള ആശങ്ക വയനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ വയനാട്ടിലേയും മലബാറിലേയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനും നിലവിലുള്ള യാത്രാ നിരോധനം നീക്കുവാനും ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ജനങ്ങളുടെ യാത്രാ അവകാശം സംരക്ഷിക്കാനും വന്യ മൃഗങ്ങളുടെ സൈര്യവിഹാരം ഉറപ്പുവരുത്താനും ബദല്‍ നിര്‍ദേശം കണ്ടെത്തണമെന്നും കേരള നിയമസഭ ഐകകണ്‌ഠേന പാസാക്കിയ പ്രമേയം ആവശ്യപ്പെടുന്നു.