കോണ്‍ഗ്രസ് മറക്കരുത് കരിനിയമങ്ങളുടെ ഈ ഇന്ത്യന്‍ ചരിത്രം

ഇന്ത്യ ലോകത്തെ എറ്റവും വലിയ ജനാധിപത്യ രാജ്യം. എറ്റവും വലുതും ബൃഹത്തായയും എഴുതപ്പെട്ടതുമായ ഭരണഘടനയുള്ള രാജ്യവും നമ്മുടെ ഇന്ത്യതന്നെ നാനാത്വത്തില്‍ ഏകത്വം എന്ന അതിസ്ഥാന തത്വത്തില്‍ വിശ്വാസിച്ച് ജീവിച്ച് പോരുന്ന ഹിന്ദുവും, ക്രിസ്ത്യനും, മുസല്‍മാനും, ജൈനനും ബുദ്ധിസ്റ്റുകളും തുടങ്ങി മതവിശ്വാസങ്ങളേതുമില്ലാത്തവരുമായ 137 കോടി ജനങ്ങള്‍ അധിവസിക്കുന്നൊരു രാജ്യം. എഴുതപ്പെട്ട ഭരണഘടനയുടെയും നിയമങ്ങളുടെയുമൊക്കെ മേനിപറയുമ്പോള്‍ തന്നെ ജനാധിപത്യ വിരുദ്ധമായ ജനദ്രോഹപരമായ ഏറെ നിയമങ്ങള്‍ ഭരണസംവിധാനങ്ങള്‍ വലിയ അധ്വാനങ്ങളൊന്നുമില്ലാതെ നടപ്പിലാക്കുന്നതും നമ്മുടെ രാജ്യത്ത് തന്നെ.

ഒരു ഇടവേളയ്ക്ക് ശേഷം യുഎപിഎ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ജനവിരുദ്ധ ജനദ്രോഹ കരിനിയമങ്ങളുടെ ചരിത്രം പരിശോധിക്കാം ജനാധിപത്യത്തില്‍ പൊതിഞ്ഞ് എങ്ങനെയാണ് ജനവിരുദ്ധത നടപ്പിലാക്കുന്നതെന്നും.

2012 ലെ എറ്റവും ഒടുവിലെ ഭേദഗതിവഴി ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (യുഎപിഎ) ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത് 1963ലാണ്. എന്നാല്‍ പോട്ടയുടെ നിരോധനത്തിന് ശേഷമാണ് യുഎപിഎ ഇന്ന് കാണുന്ന നിലയില്‍ ഇന്ത്യയില്‍ നിലവില്‍ വന്നത്.

മിസ (മെയിന്റനന്‍സ് ഓഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ആക്ട്-1971)

ഇന്തിരാ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കെ 1971ലാണ് മിസ നിലവില്‍ വരുന്നത്. 1971 മെയ് ഏഴാം തിയ്യതി രാഷ്ട്രപതി വിവി ഗിരി പ്രഖ്യാപിച്ച മെയിന്റനന്‍സ് ഓഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഓര്‍ഡിനന്‍സ് പുനസ്ഥാപിച്ചുകൊണ്ടാണ് 1971 ജൂലൈ 2 ന് മിസ നിലവില്‍ വന്നത്.

1950 ലെ പ്രിവന്റീവ് ഡിറ്റെന്‍ഷന്‍ ആക്ടിന്റെ ചുവടുപിടിച്ചാണ് മിസ നിലവില്‍ വരുന്നത്. ഭരണഘടനയുടെ 39-ാം ഭേദഗതി പ്രകാരം ഈ നിയമത്തെ ഷെഡ്യൂള്‍-9ല്‍ ഉള്‍പ്പെടുത്തുകയും എല്ലാതരം നിയമ പരിശോധനകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം 1977 ലാണ് ഈ നിയമം റദ്ദ് ചെയ്തത്.

അഫ്‌സ്പ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്-1958)

ജവഹര്‍ലാല്‍ നെഹറു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ 1958ലാണ് അഫ്‌സ്പ നിയമം നിലവില്‍ വരുന്നത്. ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് നിയമം. സംഘര്‍ഷ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സൈന്യത്തിന് പരമാധികാരം നല്‍കുന്നതാണ് നിയമം 1976 ലെ ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ട് പ്രകാരം.

ഒരിക്കല്‍ പ്രശ്‌ന ബാധിതമായി പ്രഖ്യാപിച്ചാല്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും നിയമനുസരിച്ച് തല്‍സ്ഥിതി തുടരും. നാഗാ ഹില്‍സിലും, ആസാമിന്റെ ചില മേഖലകളിലും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം 1958 സെപ്തംബര്‍ 11ന് നിലവില്‍ വന്നു. തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി മറ്റ് ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചു.

നിലവില്‍ ആസാമിലും, നാഗാലാന്റിലും, ഇംഫാല്‍ മുനിസിപ്പാലിറ്റി ഒഴികെ മണിപ്പൂരിലും ഭാഗികമായി ആന്ധ്രാപ്രദേശിലും ഈ നിയമം നിലനില്‍ക്കുന്നു. പഞ്ചാബിനും ചണ്ഡാഗഡിനും ബാധകമാക്കിക്കൊണ്ട് 1983 ല്‍ ഈ നിയമം പാസാക്കുകയും പതിനാല് വര്‍ഷത്തിന് ശേഷം 1977 ല്‍ പിന്‍വലിക്കുകയും ചെയ്തു.

1990 ല്‍ ജമ്മു കശ്മീരിലും ഈ നിയമം പാസാക്കി ഇത് ഇന്നും നിലനില്‍ക്കുന്നു. പി ചിദംബരവും സെയ്ഫുദ്ദീന്‍ സോയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ നിയമത്തിനെതിരെ സംസാരിച്ചപ്പോള്‍ അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമത്തെ പിന്‍തുണച്ചുകൊണ്ട് രംഗത്ത് വന്നു. 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ അമര്‍ച്ച ചെയ്യാനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്നീട് നിയമമാക്കുകയായിരുന്നു.

ടാഡ (ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്-1985)

1985 മെയ് 23 ന് നിലവില്‍ വന്ന ഈ നിയമം 1995വരെ നിലനിന്നു. പഞ്ചാബ് കലാപത്തെ തുടര്‍ന്ന് ഈ നിയമം ഭേദഗതി ചെയ്ത് ഇന്ത്യയിലെമ്പാടും ബാധകമാക്കി. 1989,1991,1993 എന്നിങ്ങനെ മൂന്ന് തവണ നിയമം ഭേദഗതി ചെയ്തു.

1994 ആകുമ്പോഴേക്കും രാജ്യത്താകമാനം 76000ല്‍ അദികം ആളുകള്‍ ടാഡ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ 25 ശതമാനത്തോളം കേസുകളും പൊലീസ് വ്യക്തമായ തെളിവുകളില്ലാതെ ചുമത്തിയവയായിരുന്നു. 35 ശതമാനത്തോളം കേസുകള്‍ മാത്രമാണ് വിചാരണയ്‌ക്കെത്തിയത് അതില്‍ തന്നെ 95 ശതമാനത്തോളം കേസുകളിലും പ്രതികള്‍ കുറ്റ വിമുക്തരാക്കപ്പെട്ടു. വ്യാപകമായ ദുരുപയേഗം കാരണം കുപ്രസിദ്ധിയാര്‍ജിച്ച നിയമം 1995 ലാണ് പിന്‍വലിച്ചത്. ഭീകരവാദത്തെ നിര്‍വചിക്കാനും പ്രതിരോധിക്കാനും ഇന്ത്യ പാസാക്കിയ ആദ്യ ഭീകരവിരുദ്ധ നിയമമാണ് ടാഡാ.

പോട്ട (പ്രിവെന്‍ഷന്‍ ഓഫ് ടെററിസം ആക്ട്-2002)

വാജ്‌പൈയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലിരിക്കുമ്പോഴാണ് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ആവശ്യമുയര്‍ത്തി 2002ലാണ് പാര്‍ലമെന്റ് പോട്ട കൊണ്ടുവരുന്നത്.

രാജ്യത്ത് ഇടക്കിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ ചുവടുപിടിച്ച് കൂടിയാണ് നിയമം നിലവില്‍ വന്നത്. പ്രത്യേകമായും 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് നിയമം നിലവില്‍ വരുന്നത്. 2004 ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് ഈ നിയമം റദ്ദ് ചെയ്തത്.

യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്-1963

1963ല്‍ പാസാക്കിയ ഈ നിയമം ഏഴുതവണ ഭേദഗതി ചെയ്യപ്പെട്ടതും ഇന്നും നിലനില്‍ക്കുന്നതുമായൊരു നിയമമാണ്. 1963ല്‍ പാസാക്കിയ ആ നിയമം 1967,1972,1986,2004,2008,2012,2019 എന്നിങ്ങനെ ഏവ് തവണയാണ് ഭേദഗതി ചെയ്യപ്പെട്ടത്. 2004 ല്‍ പോട്ട നിരോധിച്ചുകൊണ്ടാണ് യുപിഎ സര്‍ക്കാര്‍ ഈ നിയമം വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

തുടക്കത്തില്‍ മാവോയിസ്റ്റ് ആക്രമണങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി പ്രധാനമായും ഉപയോഗിക്കപ്പെട്ട ഈ നിയമം തുടര്‍ന്ന് രാഷ്ട്രീയ പ്രതിയോഗികളെ തുറങ്കിലടയ്ക്കുന്നതിനും ഉപയോഗിക്കപ്പെട്ടു. രാജ്യത്ത് അപൂര്‍വമായി ഒരു രാഷ്ട്രീയ കൊലപാതക കേസില്‍ യുഎപിഎ ചുമത്തുന്നത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങളും രാജ്യദ്രോഹ കുറ്റമാക്കുന്ന വിചാരണപോലും കൂടാതെ പ്രതികളാക്കപ്പെടുന്നവരെ തുറങ്കിലടയ്ക്കാനുമുള്‍പ്പെടെ വിവാദമായ ഒരുപാട് തീരുമാനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന നിയമത്തിലെ ഭേദഗതി 2019 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അതിനെ പിന്‍തുണച്ചതും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസായിരുന്നു.

നിലനില്‍ക്കുന്ന ഓരോ നിയമങ്ങളെയും റദ്ദ് ചെയ്ത് പുതിയതിനെ പ്രാബല്യത്തില്‍ വരുത്തുമ്പോഴും പേരിന് വല്ല മാറ്റങ്ങളും വരുത്തുന്നതല്ലാത്തെ നിയമത്തിന്റെ കാതലായ ഭാഗങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടാവുന്നില്ലെന്ന് മാത്രമല്ല അവയൊക്കെ കൂടുതല്‍ സങ്കീര്‍ണവും ജനവിരുദ്ധവുമാവുകയാണ് ചെയ്യുന്നത്.

”ഈ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യങ്ങളുടെയും അവകാശങ്ങളുടെയും അന്തിമ രക്ഷാകര്‍ത്താവ് പൊലീസിന്റെ ബാറ്റനാണോ?” 1967 ല്‍ യുഎപിഎ ബില്ലിനെ കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആഭ്യന്തര മന്ത്രിയായിരുന്ന വൈബി ചവാനോട് നാഥ് പൈ എംപി ചോദിച്ച ചോദ്യമാണിത്.

ഇന്ത്യയിലെ ജനങ്ങളില്‍ വിശ്വാസമില്ലാത്ത ഒരുകൂട്ടം ജനങ്ങളുടെ സൃഷ്ടിയാണ് ഇത്തരം കരിനിയമങ്ങളെന്നും നാഥ് പൈ സഭയില്‍ അഭിപ്രായപ്പെട്ടു. ജാഗ്രതയില്ലാതെ ഇത്തരം നിയമങ്ങള്‍ സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് നിയമത്തിന്മേലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതിനാണ് കാരണമാവുക.

ഒപ്പം ഇന്ന് മനുഷ്യാവകാശത്തിന്റെ പക്ഷം ചേരുന്ന യുഡിഎഫുകാര്‍ മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട് പോട്ട ഒഴികെ രാജ്യത്ത് നിലനില്‍ക്കുന്നതും നിലനിന്നിരുന്നതുമായ ഇത്തരം കരിനിയമങ്ങളുടെയെല്ലാം സൃഷ്ടാക്കള്‍ നിങ്ങളുടെ അഖിലേന്ത്യാ നേതൃത്വം തന്നെയാണ് നിങ്ങള്‍ രാജ്യത്ത് അധികാരത്തിലിരിക്കുമ്പോഴാണ് ഈ നിയമങ്ങളൊക്കെയും രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്.

പഴയ കാലത്തല്ലെ എന്ന് പറയാനും കഴിയില്ല കാരണം ആ നിലപാടുകളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നത് യുഎപിഎ നിയമത്തിന് എന്‍ഡിഎ കൊണ്ടുവന്ന 2019 ലെ ഭേദഗതിക്ക് പിന്‍തുണ നല്‍കിയതില്‍ നിന്ന് വ്യക്തമാണ്. മനുഷ്യാവകാശ വാദമുന്നയിക്കുന്ന കോണ്‍ഗ്രസുകാരോല്‍ക്കുക മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറവും ചരിത്രമുണ്ട്.

കേരളത്തിലെയോ ചിലപ്പോള്‍ ഇന്ത്യയിലെ തന്നെ എറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ ചുമത്തപ്പെട്ട രമേശ് ചെന്നിത്തല എന്ന നിങ്ങളുടെ ആഭ്യന്തര മന്ത്രിയുടെ ചരിത്രം. രാഷ്ട്രീയ കൊലപാതക കേസില്‍ ആദ്യമായി യുഎപിഎ ചുമത്തിയ രമേശ് ചെന്നിത്തലയെന്ന നിങ്ങളുടെ ആഭ്യന്തര മന്ത്രിയുടെ ചരിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News