സിനിമയുടെ റിലീസ് ദിവസംതന്നെ ആര്‍ട് എക്സിബിഷനും സംഘടിപ്പിച്ച് ശ്രദ്ധേയരാവുകയാണ് മൂത്തോന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.സിനിമയിലൂടെ ഒരു സഞ്ചാരം എന്നതാണ് മൂത്തോന്‍ ആര്‍ട് എക്സിബിഷന്‍റെ ആശയം.കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍ട് എക്സിബിഷന്‍ സിനിമയിലെ കേന്ദ്രകഥാപാത്രമായ നിവിന്‍ പോളി ഉദ്ഘാടനം ചെയ്തു.

മൂത്തോന്‍ സിനിമയിലൂടെ പറയാന്‍ ഉദ്ദേശിച്ചതെന്താണൊ അത് ഈ ക്യാന്‍വാസിലുണ്ടെന്നാണ് പിന്നണിപ്രവര്‍ത്തകര്‍ പറയുന്നത്. ഇത്തരത്തില്‍ കലകള്‍ തമ്മില്‍ ഒരു വേര്‍തിരിവും ഉണ്ടാകാതിരിക്കട്ടെ എന്ന് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത നടന്‍ നിവിന്‍ പോളി പറഞ്ഞു. കേരളത്തിലെ പ്രമുഖരായ കലാകാരന്‍മാരാണ് മൂത്തോനെ പുനരാവിഷ്ക്കരിച്ചതെന്ന് ചിത്രത്തിന്‍റെ സംവിധായിക ഗീതുമോഹന്‍ദാസ് പറഞ്ഞു.

കൊച്ചി ബിനാലെയിലൂടെ പ്രശസ്തനായ റിയാസ് കോമുവാണ് എക്സിബിഷന് നേതൃത്വം നല്‍കിയത്.ചലച്ചിത്ര സംവിധായകരില്‍ പലരും ചിത്രകലയുമായി അടുത്തിടപ‍ഴകിയവരായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ആ ഈ എക്സിബിഷനെന്ന് റിയാസ് കോമു പറഞ്ഞു. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മൂത്തോന്‍. ഗീതുമോഹന്‍ദാസിന്‍റെ ഭര്‍ത്താവ് രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ എന്ന പ്രത്യേകതയുമുണ്ട്.