മോഡി ഭരണത്തില്‍ തലസ്ഥാന നഗരത്തില്‍ ഭരണസംവിധാനം തകര്‍ന്നടിയുന്നു. രാജ്യ തലസ്ഥാനത്തെപ്പോലും അരാജകത്വത്തിലേക്കും ഭരണമില്ലായ്മയിലേക്കും നയിക്കുന്ന ദയനീയമായ കാഴ്ച. ഡല്‍ഹിയിലെ രണ്ട് ജില്ലാ കോടതികളില്‍-തീസ്ഹസാരിയിലും സാകേതിലും അഭിഭാഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. 20 പൊലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റു. മാത്രമല്ല, 20 വാഹനം അഗ്‌നിക്കിരയാക്കുകയും ചെയ്തു.

തീസ്ഹസാരി കോടതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. തൊട്ടടുത്തദിവസം ഡല്‍ഹിയില്‍ പൊലീസുകാര്‍ പണിമുടക്കുകയും കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രകടനം നടത്തുകയും ചെയ്തു. പൊലീസ് മേധാവികള്‍ പറഞ്ഞിട്ടുപോലും ഡ്യൂട്ടി ചെയ്യാന്‍ തയ്യാറായില്ല.

പൊലീസുകാരെ മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരിക്കേറ്റവര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായി. അടുത്തദിവസം അതിനു പകരമെന്നോണം ഡല്‍ഹിയിലെ ആറ് കോടതിയും അടച്ചിട്ടു.