കോ‍ഴിക്കോട് റവന്യൂ ജില്ലാ കായികമേളയിലെ ഹാമര്‍ത്രോ മത്സരത്തിനിടെ അപകടം. പ്ലസ് ടു വിദ്യാർത്ഥി ടി ടി മുഹമ്മദ് നിഷാലിന്റെ കൈവിരൽ ഒടിഞ്ഞു. ഹാമറിന്റെ സ്ട്രിംഗ് പൊട്ടി നിലത്ത് വീണാണ് അപകടം ഉണ്ടായത്.

സീനിയർ വിദ്യാർത്ഥികളുടെ ഹാമർ ത്രോ മത്സരത്തിനിടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ അപകടം ഉണ്ടായത്. ഹാമറിന്റെ സ്ട്രിംങ്ങ് പൊട്ടി മത്സരാർത്ഥി ബാലൻസ് തെറ്റി നിലത്ത് വീണാണ് പരിക്കേറ്റത്.

രാമകൃഷ്ണ മിഷൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ടി ടി മുഹമ്മദ് നിഷാലിന്റെ കൈവിരൽ ഒടിഞ്ഞു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ നിഷാൽ വീട്ടിലേക്ക് മടങ്ങി. നാളത്തെ ജാവലിൻ മത്സരത്തിൽ പങ്കെടുക്കുമെന്ന് നിഷാൽ അറിയിച്ചു.

ടെക്നിക്കൽ വിഭാഗം പരിശോധിച്ച ശേഷമാണ് ഹാമർ, മത്സരത്തിന് ഉപയോഗിച്ചതെന്ന് കായിക മേളയുടെ ഓർഗനൈസിംങ് സെക്രട്ടറി കെ എം ജോസഫ് പറഞ്ഞു.

വലിയ അപകടം അല്ലാത്തതിനാൽ കായികമേള തടസ്സമില്ലാതെ നടന്നു. കൂടുതൽ ജാഗ്രത പുലർത്താൻ ഒഫീഷ്യൽസിന് സംഘാടകർ നിർദ്ദേശം നൽകി.