കേരളാ ബ്ലാസ്റെഴ്സ് ഒഡിഷ എഫ് സി മത്സരം ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകള്‍ക്കും ലഭിച്ച നിരവധി അവസരങ്ങള്‍ ഗോള്‍ ആകി മാറ്റാന്‍ സാധിക്കാതെ വന്നതോടെയാണ് ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞത്. ബ്ലാസ്റെഴ്സ് പരുക്കിനെ തുടര്‍ന്ന് മൂന്നാം മിനുട്ടില്‍ റോഡ്രിഗസിനു പകരം ഹക്കുവിനെയും ഇരുപത്തിയഞ്ചാം മിനുട്ടില്‍ മെസ്സി ബൌളിക്ക് പകരം റാഫിയെയും കളത്തില്‍ ഇറക്കി.

ഒഡിഷ പരുക്കിനെ തുടര്‍ന്ന് റാണാ ഘരാമിക്ക് പകരം ലാലിലുംപിയയെ നാല്‍പ്പത്തി അഞ്ചാം മിനുട്ടിലും ഒമ്പതാം മിനുട്ടില്‍ അരിഡെയ്ൻ സന്റാനയ്ക്ക് പകരം സെല്‍ഗാടോ റോഡ്രിഗസിനെയും കളത്തിലിറക്കി. 9 ഫൌളുകള്‍ ആണ് ആദ്യപകുതിയില്‍ ഓടിഷയുടെ ഭാഗത്ത് നിന്നുണ്ടായത്. മികച്ച പാസുകളിലൂടെയും പന്ത് കൈ വശം വെച്ചും ആദ്യ പകുതി ബ്ലാസ്റെഴ്സിനു നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും ഗോള്‍ നേടാനായില്ല.

മലയാളി താരം സഹൽ അബ്ദുൽ സമദ് നടത്തിയ സോളോ മുന്നേറ്റത്തിനൊടുവിൽ ഒ‍ഡിഷ പ്രതിരോധം ബോക്സിനുള്ളിൽ വീഴ്ത്തിയെങ്കിലും അർഹിച്ച പെനൽറ്റി റഫറി നിഷേധിക്കുകയും ചെയ്തു. ആറു മലയാളി താരങ്ങളാണ് ആദ്യ പകുതിയില്‍ ബ്ലാസ്റെഴ്സിനായി ഗ്രൌണ്ടില്‍ ഇറങ്ങിയത്.