ചെസ്റ്റ് നമ്പര്‍ 262; നാട്യങ്ങളില്ലാതെ സുദര്‍ശന്‍ കലാക്ഷേത്ര

കോട്ടയം: കലോത്സവ വേദികളില്‍ പരിശീലകനായി മാത്രം പോയിട്ടുള്ള സുദര്‍ശന്‍ കലാക്ഷേത്ര വീണ്ടും മത്സരാര്‍ത്ഥിയായി. പരിശീലിപ്പിച്ചിരുന്നത് ഭരതനാട്യമായിരുന്നെങ്കില്‍ മത്സരിച്ചത് കവിതാ രചനയിലാണ്. കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടന്ന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവമായിരുന്നു വേദി.

സാക്ഷരത മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാവായ സുദര്‍ശന്‍ അറിയപ്പെടുന്ന ഭരതനാട്യം കലാകാരനാണ്. നൃത്തവും നൃത്തപരിശീലനവുമായി മുന്നോട്ടുപോകുന്നതിനിടെ മുടങ്ങിയ പഠനം പൂര്‍ത്തികരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.
കോട്ടയം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലെ തുല്യതാ പഠന കേന്ദ്രത്തില്‍ ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായെടുത്താണ് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് പഠിക്കുന്നത്.

പെരുമ്പാവൂര്‍ സ്വദേശിയും പ്രശസ്ത നര്‍ത്തകന്‍ ആര്‍.എല്‍.വി അനില്‍കുമാറിന്റെ സഹോദരനുമായ സുദര്‍ശന്‍ കോട്ടയം സി.എം.എസ് കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് നൃത്ത മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതോടെ പഠനം മുടങ്ങി.

ചെന്നൈ കലാക്ഷേത്രയില്‍ പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ ജര്‍മ്മനിയില്‍ നൃത്ത പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ചു. വര്‍ഷങ്ങളോളം അവിടെയായിരുന്നു. 2016ല്‍ നാട്ടില്‍ മടങ്ങിയെത്തിയശേഷമാണ് മുടങ്ങിയ പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാക്ഷരതാ മിഷന്‍ അവസരമൊരുക്കുന്നുണ്ടെന്നറിഞ്ഞ് തുല്യതാ കോഴ്‌സില്‍ ചേര്‍ന്നത്.

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിനു ശേഷവും പഠനം തുടരുകയും നൃത്ത മേഖലയില്‍ ഗവേഷണം നടത്തുകയുമാണ് ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.

തുല്യതാ കലോത്സവത്തില്‍ കഥാരചന, കവിതാ രചന, ഉപന്യാസം, കയ്യെഴുത്ത്, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീയിനങ്ങളിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്. രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ പല പഠിതാക്കളും പ്രായത്തെ തോല്‍പ്പിച്ചാണ് എഴുതാനും വരയ്ക്കാനും ആവേശത്തോടെയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel