അയോധ്യാ വിധി നാളെ

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രധാന വിധി ശനിയാഴ്ച സുപ്രീം കോടതി പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ്‌ വിധി പ്രഖ്യാപിക്കുക. അല്‍പസമയം മുമ്പാണ് ഇതുസംബന്ധിച്ച വിവരം സുപ്രീം കോടതി രജിസ്ട്രാറില്‍ നിന്ന് പുറത്തുവന്നത്.

ശനിയാഴ്‌ച അവധി ദിവസമായിരുന്നിട്ടും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രത്യേകം യോഗം ചേര്‍ന്നാണ്‌ വിധി പ്രസ്താവിക്കുക. സുപ്രീംകോടതിയിലും ഡല്‍ഹിയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെ സുപ്രീംകോടതിക്ക് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് വര്‍ധിപ്പിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രാത്രി ഒമ്പതുമണി കഴിഞ്ഞാണ് വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത്. ചീഫ് ജസ്റ്റിസ് നാള ഉച്ചയ്ക്ക് ശേഷം ഗുവാഹട്ടിയിലേക്ക് പോകുന്നുണ്ട്. അതിന് മുന്നോടിയായി ഉത്തരവ് ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.

തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് നാളെ വിധി പറയുക. തുടര്‍ച്ചയായി 40 ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേട്ടതിന് ശേഷമാണ് വിധി പറയുന്നത്‌. അയോധ്യയിൽ നാലുതട്ടായുള്ള സുരക്ഷ ഒരുക്കുന്നുണ്ട്‌.4000 അർധസൈനികരെ വിന്യസിച്ചു. വിവിധ മേഖലകളിൽ താൽക്കാലിക ജയിലും സജ്ജമാക്കി. സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷണത്തിലാണ്‌. വിദ്വേഷപ്രചാരണം നടത്തിയാൽ കടുത്ത നടപടി നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News