അയോധ്യാ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുമെന്നാണ് സൂചന.
തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് വിധി പറയുക.

അവധിദിനമായിട്ടും ഇന്ന് അയോധ്യ കേസില്‍ വിധി പറയാന്‍ ബഞ്ച് തീരുമാനിക്കുകയായിരുന്നു. സുപ്രീംകോടതിയിലും ഡല്‍ഹിയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെ തന്നെ സുപ്രീംകോടതിക്ക് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് വര്‍ധിപ്പിച്ചിരുന്നു.

കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തില്‍, സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. യുപിയിലേക്ക് സുരക്ഷസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം
അയോധ്യാ കേസിലെ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്നുനാം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. ഉയര്‍ന്ന മതനിരപേക്ഷ മൂല്യങ്ങളോടെ, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെനിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.