മനുഷ്യര്‍ യന്ത്രങ്ങളാകുമ്പോള്‍ യന്ത്രങ്ങള്‍ മനുഷ്യരാകുന്നു; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഈ കാലത്തിന്റെ സിനിമ

മനുഷ്യര്‍ യന്ത്രങ്ങളേക്കള്‍ വലിയ യന്ത്രങ്ങളാകുന്നതാണ് ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസ്. യന്ത്രങ്ങളില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ലാത്ത മനുഷ്യരെയാണ് ഈ സിനിമ സൃഷ്ടിച്ചത്. യന്ത്രയുഗത്തിലെ മനുഷ്യ ചൂഷണത്തിന്റെ ക്രൂരതയുടെ ആഴവും ആഘാതവും വിശദമാക്കുന്ന ഈ ചാപ്ലിന്‍ ചിത്രത്തിന് ഏത് കാലത്തെയും മോഡേണ്‍ ടൈസുമായി ചേര്‍ത്തു വായിക്കാവുന്ന സമകാലികതയുണ്ട്.

ടെലിവിഷന്‍ പ്രചാരത്തില്‍പ്പോലും വന്നിട്ടില്ലാത്ത കാലത്ത് സിസിടിവിയിലൂടെ തൊഴിലാളികളെ നിരീക്ഷിക്കുന്നതു പോലും മോഡേണ്‍ ടൈംസ് ഭാവന ചെയ്തിട്ടുണ്ട്. ഇതുവരെയും ലോകം കണ്ടെത്തിയിട്ടില്ലെങ്കിലും, ലോകം തൊഴിലാളി വിരുദ്ധമാകുന്തോറും വേണമെങ്കില്‍ കണ്ടെത്താവുന്ന, ഫാക്ടറിയില്‍ യന്ത്രത്തിന്റെ സ്‌ക്രൂ മുറുക്കുന്ന തൊഴിലാളി ഭക്ഷണം കഴിക്കാന്‍ പോലും മാറാതിരിക്കാന്‍, പണിയെടുക്കുമ്പോള്‍ തന്നെ അയാളെ തീറ്റിക്കുന്നൊരു യന്ത്രവും ഈ സിനിമ കണ്ടെത്തിയിട്ടുണ്ട്. നമ്മളെയെല്ലാം ആര്‍ത്ത് ചിരിപ്പി ച്ചിട്ടുള്ളതാണ് ചാപ്ലിന്റെ ആ പ്രകടനം . എന്നാല്‍ ചിരിക്കപ്പുറം വലിയൊരു നടുക്കമാണ് ഈ ലോകക്ലാസിക്ക് മുതലാളിത്ത ലോകത്തെ വിമര്‍ശിച്ച് മുന്നോട്ടുവെച്ചത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്കോടിവന്നത് ചാപ്ലിന്റെ മോഡേണ്‍ ടൈംസാണ്. മനുഷ്യരെ യന്ത്രങ്ങളാക്കുന്നതാണ് മോഡേണ്‍ ടൈംസെങ്കില്‍ യന്ത്രങ്ങളിലെ മാനുഷികതയാണ് രതീഷിന്റെ സിനിമയില്‍ ചിരിയിലൂടെ നമ്മുടെ കണ്ണ് നനയിപ്പിക്കുന്നത്.

യന്ത്രമാണ് ഇവിടെ മനുഷ്യനെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണുതുറപ്പിക്കുന്നത്. മനുഷ്യരുടെ സ്വാര്‍ത്ഥങ്ങളെയും സങ്കുചിതത്വങ്ങളുടെയും കപടതയും യാന്ത്രികതയും ബോധ്യപ്പെടുത്തുന്നത്. ജാതി മതത്തിലും കുലമഹിമയിലുമെല്ലാം അഹങ്കരിക്കുന്ന മനുഷ്യനെ സെക്കുലര്‍ ആക്കുന്നത് ഇവിടെ വെറുമൊരു യന്ത്രമായ റോബോട്ടാണ്. മനുഷ്യര്‍ക്കില്ലാത്ത സാമൂഹ്യ വിവേചനം യന്ത്രങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ലോകത്ത് റോബോട്ടുകളെക്കുറിച്ച് മനുഷ്യരുണ്ടാക്കിയ അധികള്‍ അസ്ഥാനത്താണെന്നാണ് ഈ സിനിമ മുക്കാല്‍ പങ്കും പറയുന്നത്. എന്നാല്‍ അന്ത്യത്തില്‍ യന്ത്രങ്ങള്‍ തോല്‍ക്കുകയും മനുഷ്യന്‍ ജയിക്കുന്നുവെന്ന തോന്നലുണ്ടാകുമെങ്കിലും യന്ത്രങ്ങള്‍ക്ക് തന്നെയാണ് ആത്യന്തിക വിജയമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. യാന്ത്രികമായല്ല ഏറ്റവും സ്വാഭാവികമാണ് ആ ആഖ്യാനം, ജീവനുള്ള കാഴ്ചകളിലൂടെയും സംസാരങ്ങളിലൂടെയും.

ഒരു ശുദ്ധമായ നാട്ടുമ്പുറത്തിന്റെ അതീവ ലളിതമായ ജീവിതത്തിലേക്ക് റഷ്യയില്‍ നിന്ന് വരുന്ന കുഞ്ഞപ്പന്‍ എന്ന റോബോട്ടിന്റെ പ്രകടനം സാധാരണ അര്‍ത്ഥത്തില്‍ വെറുമൊരു കളിതമാശയായി ഒടുങ്ങിപ്പോകേണ്ടതാണ്. എന്നാല്‍ സൂഷ്മത്തില്‍ ജീവിതത്തിന്റെ കനമുള്ളൊരു ആവിഷ്‌കാരമാക്കാന്‍ തമാശകള്‍ക്കിടയിലും സംവിധായകന് കഴിഞ്ഞിരിക്കുന്നു. ഏറ്റവും സാധാരണമായ മുഹുര്‍ത്തങ്ങളിലൂടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന അനുഭവങ്ങളായാണ് ഇവിടെ ചിരി സംഭവിക്കുന്നത്. സുരാജ് അവതരിപ്പിക്കുന്ന അച്ഛന്റെയും സൗബിന്‍ എന്ന മകന്റെയും അതിനിടയിലായി റോബോട്ടിന്റെയും ജീവിതമാണ് പ്രധാനമായും സിനിമയെങ്കിലും കഥാപാത്രങ്ങളും പശ്ചാത്തലവുമെല്ലാം വിശദമായി വ്യക്തിത്വവും ഉറപ്പുമുള്ള ഓരോ അനുഭവലോകങ്ങളാണ്.

സിനിമ നാട്ടുമ്പറങ്ങളിലേക്ക് ഇറക്കുമതി ചെയ്യേണ്ട ചരക്കല്ല നാട്ടുമ്പുറങ്ങളും നാട്ടുമനുഷ്യരും സിനിമകളിലേക്ക് കയറ്റുമതി ചെയ്യേണ്ട ജീവിതമാണെന്ന് ഇക്കാലത്ത് തിരിച്ചറിവ് കിട്ടിയ രചനകളില്‍ പെടുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും. ടെക്കി യുഗത്തില്‍ ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും വാട്‌സാപ്പും തുറന്നു തന്ന വിനിമയ ബന്ധങ്ങളും വിമോചിപ്പിച്ച നാട്ടു ബന്ധനങ്ങളും വിലക്കുകളും സിനിമയില്‍ ഒരു വിഷയമാണ്. സുരാജിന്റെ ഭാസ്‌കര പൊതുവാള്‍ പറയുന്നുണ്ട് ഇതെല്ലാം പണ്ടുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേയെന്ന്. പഴയ ലോകത്ത് അടയിരുന്ന ഒരച്ഛന്‍ പുതിയതാണ് ലോകമെന്ന് കണ്ടെത്തുമ്പോള്‍ ടെക്ക്‌നോളജിയുടെ മറ്റൊരു സാധ്യതയാണ് ഉയര്‍ത്തിക്കാട്ടുന്നത്, ഒപ്പം തന്നെ സ്വയം കുരുതികൊടുക്കുന്ന അതിലെ വിധേയത്വവും അടിമത്വവും കൂടിയും എടുത്തു പറയുന്നു. രണ്ടിനുമിടയിലാണ് ഈ സിനിമയുടെ നിലപാട്. ആ വൈരുദ്ധ്യമാണ് ആന്‍ഡ്രോയ്ഡ് കാലത്തെ ശരിയായ മനുഷ്യജീവിതമെന്നുമാണ് രേഖപ്പെടുത്തല്‍. ആ അര്‍ത്ഥത്തില്‍ ഈ കാലത്തിന്റെ സിനിമ ഏറ്റവും സരസമായും സാര്‍ത്ഥകമായും പറഞ്ഞുവെച്ചിരിക്കുന്നു.

ഭാസ്‌കര പൊതുവാളും കുഞ്ഞപ്പനും തമ്മിലുള്ള ആത്മബന്ധത്തിലേക്കുള്ള യാത്രയ്ക്ക് സിനിമ അല്‍പ്പം സമയം കൂടുതലെടുത്തുവെന്ന് തോന്നും. പക്ഷേ, അത് സിനിമയുടെ ദൈര്‍ഘ്യത്തെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ ചില ശീലത്തിന്റെ പ്രശ്‌നമായി കണ്ടാല്‍ മുഴച്ചുനില്‍ക്കുന്നതായി മറ്റൊന്നും പറയാനില്ല. പുതിയ സിനിമയില്‍ ഇടുക്കി, ഫോര്‍ട്ട് കൊച്ചി, കാസര്‍ക്കോട് സ്ഥലങ്ങള്‍ പോലെ കണ്ണൂരിലെ പയ്യന്നൂരും സ്ഥലപരമായും ഭാഷാ പരമായും സ്ഥാനപ്പെടുത്തുക കൂടിയാണ് നാട്ടുകാരന്‍ കൂടിയായ രതീഷ് പൊതുവാള്‍. അത് കെട്ടിക്കാഴ്ചയായല്ല, അനുഭൂതികളുടെ നിറഞ്ഞ കെട്ടുകളായാണെന്ന് മാത്രം.

മലയാള സിനിമ മാറ്റത്തിനിടയിലും വലിയൊരു അഴിച്ചുപണി നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് മറ്റൊരു പ്രതിഭാധനനായ സംവിധായകന്‍ കൂടി സംഭവിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം നടത്താന്‍ നമ്മെ എന്തുകൊണ്ടും സന്നദ്ധനാക്കുന്ന ഏറ്റവും `പുതിയ’ ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. റീയലിസത്തിന്റെ ഒരേ തരം സമവാക്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് താല്‍ക്കാലിക കൈയ്യടികള്‍ നേടുന്ന ഇപ്പോഴത്തെ ചില പുതു ധാരണകളെ അതേപടി തലയിലേറ്റാതെ തീര്‍ത്തും പുതിയ കാഴ്ചയും പുതിയ ആവിഷ്‌കാരവുമായി മറ്റൊരു പുതിയ സിനിമ തന്നെയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. അത് നമ്മെ ചിരിപ്പിക്കുന്നു. ചിരിയിലും ചിന്തിപ്പിക്കുന്നു. ചിന്തയിലും ചിരിപ്പിക്കുന്നു.

സുരാജ് എന്ന നടന്റെ അഭിനയ പാടവം ഈ ചിത്രത്തിലൂടെ വീണ്ടും നമ്മെ അമ്പരപ്പിക്കുകയാണ്. മലയാളത്തില്‍ ചെറുപ്പക്കാര്‍ കെട്ടിയ ഒരു പാട് വയസ്സന്‍ വേഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും സുരാജ് ഇവിടെ എല്ലാവരെയും പിന്നിലാക്കിയിരിക്കുന്നു. ഒപ്പം തന്നെ കൊച്ചിക്കാരനും ഇടുക്കിക്കാരനുമായി മാറിയ അതേ പരിണാമസിദ്ധിയിലൂടെ സൗബിന്‍ ഒരു പയ്യന്നൂര്‍ക്കാരനായും മാറിയിരിക്കുന്നു. സൈജുക്കുറുപ്പും , മാലാ പാര്‍വതിയും, മറ്റ് എണ്ണമറ്റ അഭിനേതാക്കളും അഭിനേതാവയെത്തിയ സംവിധായകനും മികച്ചതായി. സാനു ജോണ്‍ വര്‍ഗ്ഗീസിന്റെ ക്യാമറയും എടുത്തു പറയുന്നു, ബിജിപാലിന്റെ സംഗീതവും ഹരിനാരായണന്റെയും എസി ശ്രീഹരിയുടെയും വരികളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here