അയോധ്യാകേസ്: വിധി പ്രഖ്യാപിച്ചത് ഏകകണ്ഠമായി; ബാബറി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്നും നിരീക്ഷണം

അയോധ്യ തര്‍ക്കഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം പണിയാമെന്ന് സുപ്രീംകോടതി. ഏകകണ്ഠമായാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. ക്ഷേത്രം നിര്‍മ്മിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം.

സുന്നി വഫഫ് ബോര്‍ഡിന് 5 ഏക്കര്‍ ഭൂമി പള്ളി നിര്‍മ്മിക്കാനായി ഏറ്റെടുത്തു നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നിര്‍മോഹി അഖാഡയ്ക്ക് ആരാധാനാവകാശം ഇല്ല. രാമജന്മഭൂമിക്ക് നിയമ വ്യക്തിത്വല്ല. ബാബറി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ബാധിക്കരുതെന്ന ആമുഖത്തോടെയായിരുന്നു 133 വര്‍ഷം നീണ്ട അയോധ്യ തര്‍ക്കഭൂമി കേസിന്റെ വിധി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി വായിച്ചുതുടങ്ങിയത്.

തര്‍ക്കഭൂമിയില്‍ ക്ഷേത്രവും പള്ളിയും ഉണ്ടായിരുന്നുവെന്ന വാദങ്ങള്‍ അംഗീകരിച്ച കോടതി അയോധ്യ രാമന്റെ ജന്മഭൂമി ആണെന്നത് നിസ്തര്‍ക്കമാണെന്ന് വ്യക്തമാക്കി.

ചരിത്ര രേഖകള്‍, വാമൊഴികള്‍ എന്നിവ പരിഗണിച്ചായിരുന്നു കോടതിയുടെ കണ്ടത്തല്‍. എന്നാല്‍ ജനഭൂമി നിയമവ്യക്തിത്വമായി അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

ആരാധാനാവകാശം ഉന്നയിച്ച നിര്‍മോഹി അഖാഡയുടെ വാദം അംഗീകരിക്കപ്പെട്ടില്ല. മധ്യസ്ഥ സമിതിയുടെ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ പല ആശയങ്ങളും ഉള്‍ക്കൊണ്ടായിരുന്നു കോടതി വിധി.

തര്‍ക്കഭൂമിയില്‍ ക്ഷേത്രമാണ് ആദ്യം നിലനിന്നിരുന്നതെന്ന വാദം അംഗീകരിച്ച കോടതി ഒരു ട്രസ്റ്റിനു കീഴില്‍ ക്ഷേത്രം നിര്‍മ്മിക്കാമെന്ന് വ്യക്തമാക്കി.

ഇതിനായി 3 മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റും പദ്ധതിയും രൂപീകരിക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്കും പ്രാതിനിധ്യം നല്‍കാം.

പള്ളി നിര്‍മ്മിക്കാനായി 5 ഏക്കര്‍ ഭൂമിയാണ് സുന്നി വഖഫ് ബോര്‍ഡിനായി അനുവദിച്ചു നല്‍കുക. ഇത് അയോധ്യ നിയമത്തിന് കീഴില്‍ ഏറ്റെടുത്ത ഭൂമിക്ക് പുറത്തായിരിക്കണം.

സംസ്ഥാനത്തിനോ കേന്ദ്രത്തിനോ ഭൂമി ഏറ്റെടുത്ത് നല്‍കാം. ഭൂമിയില്‍ അധീശത്വം സ്ഥാപിക്കാനായി ബാബറി മസ്ജിദ് തകര്‍ത്ത നടപടിയെ കോടതി കുറപ്പെടുത്തി. നിയമവിരുദ്ധമായി മസ്ജിദ് തകര്‍ത്തത് അംഗീകരിക്കാനാകില്ലെന്ന്് കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here