സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സുപ്രധാന ചുമതല കേന്ദ്രസര്‍ക്കാരിന്

സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സുപ്രധാന ചുമതലയും ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരണവും, പള്ളി നിര്‍മ്മിക്കാനുള്ള സ്ഥലം ഏറ്റെടുത്ത് നല്‍കലും സര്‍ക്കാരിന്റെ ബാധ്യതയാണ്. ട്രസ്റ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം പ്രതിഫലിക്കുന്നതായിരിക്കും.

അയോധ്യ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് കേന്ദ്രസര്‍ക്കാരാണ് സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത്. 3 മാസത്തിനകം വിധി നടപ്പിലാക്കുന്നതിന്റെ പദ്ധതി കേന്ദ്രം തയ്യാറാക്കണം. ഇതില്‍ തര്‍ക്കഭൂമിയായിരുന്ന പ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കാനും നടത്തിപ്പിനുമായി ട്രസ്റ്റ് രൂപീകരിക്കുകയാണ് പ്രധാന ചുമതല.

ട്രസ്റ്റിന്റെ നടത്തിപ്പ്, ട്രസ്റ്റികളുടെ അധികാരം, ക്ഷേത്ര നിര്‍മ്മാണം,അതിന്റെ മേല്‍നോട്ടം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്ന് മാസത്തിനിടയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. രാംലല്ലയുടെ പേരില്‍ സംഘപരിവാറിന്റെ ഇടപെടല്‍ നേരത്തെ വ്യക്തമായതാണ്. അതിനാല്‍ തന്നെ ട്രസ്റ്റില്‍ സംഘപരിവാര്‍ സ്വാധീനവും പ്രകടമായിരിക്കും.

സുപ്രധാന ഭരണഘടനാ പദവിയിലിരിക്കുന്ന ആരെങ്കിലും ഇതിന്റെ തലപ്പത്ത് എത്താനാണ് സാധ്യത. 2.77ഏക്കര്‍ ഭൂമിക്ക് പുറമേ അയോധ്യ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി എന്ത് ചെയ്യണമെന്നതില്‍ തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്.

ഈ ഭൂമി രാമജന്മഭൂമി ന്യാസിന് കൈമാറണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ നിലപാട്. ട്രസ്റ്റ് രൂപീകരിക്കപ്പെട്ട് ഭൂമി കൈമാറ്റം ചെയ്യപ്പെടുന്ന കാലം വരെ കേന്ദ്ര സര്‍ക്കാര്‍ റിസീവറിനാണ് മേല്‍നോട്ട ചുമതല. സംസ്ഥാന സര്‍ക്കാരിനോ കേന്ദ്രസര്‍ക്കാരിനോ 5 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് ഏറ്റെടുത്ത് നല്‍കാമെന്നാണ് കോടതി വ്യവസ്ഥ ചെയ്തിരിക്കുന്നത്.

അയോധ്യ നിയമ പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് പുറത്താണ് ഇത് നല്‍കുക. സുന്നി വഖഫ് ബോര്‍ഡിനും സ്വീകാര്യമായ ഇടം പള്ളി നിര്‍മ്മിക്കാനായി കണ്ടെത്തി നല്‍കുക സര്‍ക്കാരുകള്‍ക്ക് മറ്റൊരു കടമ്പയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel