നടൻ ഭരത് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന വൺ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയായിരുന്നു സൗഹൃദ സന്ദർശനം. കേരള മുഖ്യമന്ത്രിയായിട്ടാണ് ‘വൺ’ എന്ന ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്.

ഉച്ചയോടെ സെക്രട്ടറിയേറ്റിലെത്തിയാണ് നടൻ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാ‍ഴ്ച നടത്തിയത്. തലസ്ഥാനത്ത് പുരോഗമിക്കുന്ന ‘വൺ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മമ്മൂട്ടിയുടെ സൗഹൃദ സന്ദർശനം. ചിത്രത്തിൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്നത് കൂടിക്കാ‍ഴ്ചയ്ക്കും കൗതുകം പകർന്നു.

മുഖ്യമന്ത്രി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി സന്ദർശിച്ച വിവരവും ഫോട്ടോയും പങ്കുവച്ചത്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ചിത്രത്തിന്‍റെ സംവിധായകൻ. ബോബി സഞ്ജയുടെതാണ് തിരക്കഥ.

കടയ്ക്കല്‍ ചന്ദ്രനെന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ കൃഷ്ണ കുമാറിന്‍റെ മകളായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.