ബാബറി: തര്‍ക്കം അവസാനിക്കാനുള്ള വിധി; വിധിയുടെ പേരിൽ പ്രകോപനപരമായ പ്രതികരണങ്ങൾ ആരും നടത്തരുത്: സിപിഐഎം പിബി

ന്യൂഡൽഹി: വൻതോതിൽ സംഘർഷങ്ങൾക്കും മരണത്തിനും ഇടയാക്കിയ വിധം വർഗീയശക്തികൾ ഉപയോഗിച്ചുവന്ന വിഷയത്തിലെ തർക്കം അവസാനിപ്പിക്കാനാണ്‌ അയോധ്യക്കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനബെഞ്ചിന്റെ വിധിയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം ട്രസ്‌റ്റ്‌ വഴി ക്ഷേത്രം പണിയാൻ ഹിന്ദുപക്ഷത്തിനു സുപ്രീംകോടതി കൈമാറി. മുസ്ലിംപള്ളി പണിയാൻ സുന്നി വഖഫ്‌ബോർഡിനു മറ്റൊരിടത്ത്‌ അഞ്ചേക്കർ സ്ഥലം അനുവദിക്കണമെന്ന്‌ കോടതി നിർദേശിച്ചു.

ഈ തർക്കത്തിൽ മധ്യസ്ഥത വഴിയുള്ള പരിഹാരം സാധ്യമല്ലെന്നും കോടതിവിധി വഴി പരിഹരിക്കണമെന്നുമാണ്‌ സിപിഐ എം എക്കാലത്തും അഭിപ്രായപ്പെട്ടിരുന്നത്‌.

കലുഷിതമായ പ്രശ്‌നത്തിനു നീതീന്യായ വഴിയിൽ പരിഹാരം കാണുമ്പോൾ തന്നെ കോടതിവിധിയിലെ ചില ഭാഗങ്ങൾ ചോദ്യങ്ങളുയർത്തുന്നു. 1992ൽ ബാബ്‌റി മസ്‌ജിദ്‌ തകർത്തത്‌ നിയമലംഘനമാണെന്ന്‌ കോടതിവിധിയിൽ തന്നെ പറയുന്നു.

അതൊരു ക്രിമിനൽ പ്രവൃത്തിയും മതനിരപേക്ഷ തത്വങ്ങൾക്കുനേരെയുള്ള കടന്നാക്രമണവുമായിരുന്നു. ബാബറി മസ്‌ജിദ്‌ തകർക്കൽ കേസിന്റെ വിചാരണ വേഗത്തിൽ നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യണം. 1991ലെ ആരാധനാലയനിയമത്തെ കോടതി ശ്ലാഘിച്ചിട്ടുണ്ട്‌.

ഈ നിയമത്തിൽ മുറുകെപിടിക്കുന്നതിലൂടെ ഭാവിയിൽ മതപരമായ കേന്ദ്രങ്ങളുടെ പേരിലുള്ള തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാനാകും.

കോടതിവിധിയുടെ പേരിൽ സാമുദായിക സൗഹാർദം തകർക്കുന്ന വിധം പ്രകോപനപരമായ പ്രതികരണങ്ങൾ ആരും നടത്തരുതെന്ന്‌ പിബി അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News