തൃശൂർ കിഴക്കേ കോട്ടയിലും പടിഞ്ഞാറെ കോട്ടയിലും ഫ്ലൈ ഓവറുകൾ ഉടൻ: മന്ത്രി എ സി മൊയ്‌തീൻ

തൃശൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കിഴക്കേ കോട്ടയിലും പടിഞ്ഞാറെ കോട്ടയിലും ഫ്ലൈ ഓവറുകളുടെ നിർമാണ പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു. തൃശൂർ കോർപറേഷന് കീഴിലെ ആധുനിക ടാഗോർ സെന്റിനറി ഹാളിന്റെ നിർമാണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോർപറേഷന്റെ ശ്രമഫലമായി തൃശൂർ നഗരം അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുകയാണെന്നും, ഗതാഗത കുരുക്കുകൾ ഒഴിവാക്കാനും, മാലിന്യ സംസ്കരണത്തിനും നിരവധി പദ്ധതികളാണ് ജില്ലയിൽ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂരിലേക്കുള്ള ബൈപാസ്സ് പീച്ചി – വാഴാനി കോറിഡോർ ഉടൻ പണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മുടിക്കോട് തുടങ്ങി പൊങ്ങണംകാട് വഴി വാഴാനി വരെ 62 കോടി രൂപ ചിലവിലാണ് ഈ കോറിഡോർ നിർമിക്കുന്നത്. പൂങ്കുന്നം ചൂണ്ടൽ റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കും. എം ജി റോഡ് വികസനം ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കോർപറേഷന് കീഴിൽ അരണാട്ടുകരയിലാണ് 90000 ച അടിയിൽ പണിതീർക്കുന്ന ടാഗോർ സെന്റിനറി ഓഡിറ്റോറിയത്തിന് മന്ത്രി തറക്കല്ലിട്ടത്.

18 മാസങ്ങൾ കൊണ്ട് തന്നെ ഇതിന്റെ പണി പൂർത്തീകരിക്കും. പദ്ധതിയുടെ കരാർ കൈമാറ്റവും ശിലാഫലക അനാച്ഛാദനവും, മുൻ മേയർമാരെ പൊന്നാട അണിയിച്ചു ആദരിക്കലും മന്ത്രി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ഗവ ചീഫ് വിപ് അഡ്വ. കെ രാജൻ നിർവഹിച്ചു. കോർപറേഷൻ മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു.സൂപ്രണ്ടിങ് എങ്ങിനീയർ ഐഡ ഫ്രാൻസിസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കോർപറേഷൻ ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സൺമാർ, ചെയർമാന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here