കോട്ടയം: പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ കോംപ്ലെക്സ് നിർമ്മാണം പൂർത്തിയാക്കാൻ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപാ അനുവദിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ ഡിപ്പോ സന്ദർശിച്ച ശേഷം കെ എസ് ആർ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.

കെട്ടിട നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ടു വർഷങ്ങൾ കഴിിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടായില്ല. ഇതേത്തുടർന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് എംഎൽഎ യോഗം വിളിച്ചത്.

മുടങ്ങിക്കിടക്കുന്നതും ലാഭകരമാകാൻ സാധ്യതയുള്ളതും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ സർവ്വീസുകൾ പുന:രാരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് മാണി സി കാപ്പൻ നിർദ്ദേശം നൽകി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നാട്ടുകാർ നിലച്ചുപോയ സർവ്വീസുകൾ പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ടു എംഎൽഎ യ്ക്കു നിവേദനം നൽകി. നിവേദനങ്ങൾ പരിശോധിച്ച്‌ അടിയന്തിര നടപടികൾ സ്വീകരിക്കാൻ എം എൽ എ നിർദ്ദേശിച്ചു.

കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ എം ടി സുകുമാരൻ, എസ്‌റ്റേറ്റ് ഓഫീസർ ചന്ദ്രബാബു, എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീവൽസൻ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉബൈദ്, എടിഒ ഷിബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.