മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചതിന് എറണാകുളം സെൻട്രൽ പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കുന്ന സൈബർ ഡോം ആണ് സന്ദേശങ്ങൾ കണ്ടെത്തിയത്. കമ്മീഷണറേറ്റിന്റെ നിർദ്ദേശത്തെ തുടർന്ന് എസിപിയാണ് കേസെടുക്കാൻ സെൻട്രൽ സിഐക്ക് നിർദ്ദേശം നൽകിയത്.

അയോധ്യാ തർക്കഭൂമി വിഷയത്തിൽ സുപ്രീം കോടതി വിധി വരുന്നതിനും മുൻപ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് വിവാദ സന്ദേശങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്.

ഒരു ഫേസ്‌ബുക്ക് പോസ്റ്റിനു കീഴിൽ കമന്റുകളായി സന്ദേശം കാണപ്പെട്ടതോടെ സൈബർ ഡോം എറണാകുളം ജില്ലാ കമ്മീഷണറേറ്റിന്‌ വിവരം കൈമാറി. തുടർന്ന് എസിപിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

എന്നാൽ അക്കൗണ്ട് ആരുടേത് ആണെന്നോ എവിടെ നിന്നാണ് സന്ദേശങ്ങൾ അയച്ചതെന്നുമുൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ പോലീസ് സംവിധാനത്തിന്റെ കർശന നിരീക്ഷണത്തിലാണ്.

മത സ്പർദ്ധ വളർത്തുന്നതോ കലാപത്തിന് പ്രേരിപ്പിക്കുന്നതോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.