ശാന്തന്‍പാറ കൊലക്കേസില്‍ മുഖ്യപ്രതി വസീമിനേയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ലിജിയുടെ കുഞ്ഞിനെ മരിച്ച നിലയിലും കണ്ടെത്തി. വസീമും ലിജിയും ഗുരുതരാവസ്ഥയിലാണ്.

റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നുമുള്ള വസീമിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വസീം സഹോദരന് അയച്ച ഈ വീഡിയോ പിന്നീട്‌ പൊലീസിന് കൈമാറിയിരുന്നു.

ലിജിയേയും, വസീമിനേയും റിജോഷിനൊപ്പം കാണാതായിരുന്നു. ഇതില്‍ സംശയം തോന്നിയ ബന്ധുക്കളാണ് ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുത്തടി മഷ്റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്ത് നിന്നും കുഴിച്ചിട്ട നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്ന് ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.

ലിജിയേയും വസീമിനേയും പിന്നീട് കുമളിയില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുംബൈയില്‍ ഇരുവരേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.