റേഡിയോ ജോക്കി കൊലപാതകം; പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിലായി

മാവേലിക്കരയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അപ്പുണ്ണിയെ ഒളിവില്‍ കഴിയുന്നതിനിടെ സാഹസികമായി പൊലീസ് കീഴടക്കി. കാക്കനാട് ചെമ്പുമുക്കിലെ വീട്ടില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലായത്.

പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിടുകയും എയര്‍ഗണ്‍ വായില്‍വച്ച് ആത്മഹത്യാ ഭീഷണിമുഴക്കുകയും ചെയ്ത അപ്പുണ്ണിയെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്. കൊച്ചി സിറ്റി ഷാഡോ പൊലീസ് സംഘാംഗങ്ങളും മാവേലിക്കര പൊലീസും ചേര്‍ന്നാണ് അപ്പുണ്ണിയെ പിടികൂടിയത്.

2018ല്‍ തിരുവനന്തപുരം കിളിമാനൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അപ്പുണ്ണി നിരവധി കേസുകളില്‍ പ്രതിയാണ്. ക്വട്ടേഷന്‍ സംഘാംഗമായ ഇയാളെ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് നവംബര്‍ ഒന്നിന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം പണം നല്‍കാന്‍ പൊലീസുകാര്‍ മാറിയസമയത്ത് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പലയിടത്തായി ഒളിവില്‍ കഴിഞ്ഞ അപ്പുണ്ണി നാലു ദിവസം മുമ്പാണ് കാക്കനാട് എത്തിയത്. മറ്റൊരു കേസില്‍ എതിര്‍ സാക്ഷി പറഞ്ഞയാളെ ഭീഷണിപ്പെടുത്തി അയാളുടെ വീട്ടില്‍ കടന്നുകൂടിയെന്നാണ് പൊലീസിനു ലഭിച്ച വിവരം.

ഇയാള്‍ ചെമ്പുമുക്കിലുണ്ടെന്ന് കണ്ടെത്തിയ സിറ്റി ഷാഡോ പൊലീസ് വിവരം മാവേലിക്കര പൊലീസിന് കൈമാറി. തുടര്‍ന്ന് പുലര്‍ച്ചെ വീടുവളഞ്ഞു. വാതില്‍ തകര്‍ത്ത് അകത്തുകയറിയ പൊലീസിനു നേരെ അപ്പുണ്ണി നായ്ക്കളെ അഴിച്ചുവിട്ടു. പിന്നീടാണ് വായില്‍ എയര്‍ഗണ്‍ തിരുകി ആത്മഹത്യാ ഭീഷണിമുഴക്കിയത്.

അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. എയര്‍ഗണ്‍ കസ്റ്റഡിയിലെടുത്തു. അപ്പുണ്ണിയെ മാവേലിക്കര പൊലീസ് കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News