അയോധ്യാ നഗരവും പരിസരങ്ങളും ശാന്തം; കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു, കനത്ത സുരക്ഷ തുടരുന്നു

രാജ്യം ആകാംക്ഷയോടെ കാത്തുനിന്ന വിധിനിര്‍ണായകദിനത്തില്‍ അയോധ്യാ നഗരവും പരിസരങ്ങളും ശാന്തം. കാര്യമായ ആഘോഷങ്ങളോ പ്രതിഷേധങ്ങളോ നഗരത്തിലുണ്ടായില്ല. അയോധ്യക്ക് സമീപമുള്ള ഫൈസാബാദ് നഗരവും ശാന്തമായിരുന്നു.

ക്ഷേത്രനിര്‍മാണം അനുവദിച്ച കോടതിവിധിയില്‍ അയോധ്യയിലെ ഭൂരിപക്ഷവിഭാഗക്കാര്‍ ആഹ്ലാദത്തിലാണെങ്കിലും വലിയ ആഘോഷങ്ങള്‍ക്ക് താല്‍പ്പര്യമെടുത്തില്ല. ബാബ്റി മസ്ജിദ് നിലനിന്ന ഭൂമി നഷ്ടമായതില്‍ ന്യൂനപക്ഷവിഭാഗക്കാര്‍ നിരാശരാണ്. എങ്കിലും കോടതിവിധി അംഗീകരിച്ച് സമാധാനസ്ഥിതി നിലനിന്നു കാണാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്.

കോടതിവിധി വന്ന ശനിയാഴ്ച അയോധ്യയിലും ഫൈസാബാദിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഇരുനഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പുറമെനിന്നുള്ള എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് നഗരത്തിലേക്ക് പ്രവേശിപ്പിച്ചത്. പ്രശ്നക്കാരെന്ന് തോന്നുന്നവരെയെല്ലാം മടക്കിയയച്ചു.

ഫൈസാബാദില്‍ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. എന്നാല്‍, അയോധ്യയില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. ദേവ്കലി, സാഹബ്ഗഞ്ച്, സുഭാഷ്നഗര്‍ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പതിവുപോലെ വ്യാപാരം നടന്നു. സുരക്ഷകാരണം ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ എണ്ണം കുറവായിരുന്നു.

നയാഘാട്ട്, ജുങ്കിഘാട്ട് തുടങ്ങി സരയൂതീരത്തെ പ്രധാന ഘാട്ടുകള്‍ ഒഴിഞ്ഞുകിടന്നു. സന്ധ്യാനേരത്തെ ആരതിക്ക് മുടക്കമുണ്ടായില്ല. ബാബ്റി ഭൂമിയില്‍ താല്‍ക്കാലികക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് വെള്ളിയാഴ്ചമുതല്‍ പ്രവേശനം അനുവദിച്ചിരുന്നില്ല.

വിധി വന്നതിന് പിന്നാലെ അയോധ്യയില്‍ ചിലര്‍ പടക്കം പൊട്ടിച്ച് ആഘോഷത്തിന് ശ്രമിച്ചെങ്കിലും പൊലീസ് പെട്ടെന്നുതന്നെ ഇടപെട്ടു. ജയ് ശ്രീറാം വിളികളുമായി തെരുവുകളിലൂടെ ബൈക്കില്‍ നീങ്ങിയ യുവാക്കളെയും പൊലീസ് പിടികൂടി. യുപി പൊലീസിന് പുറമെ സിആര്‍പിഎഫും ദ്രുതകര്‍മ സേനയുമാണ് അയോധ്യയിലും ഫൈസാബാദിലും സുരക്ഷ നിയന്ത്രിച്ചത്.

സമാധാനസ്ഥിതി നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അയോധ്യ ജില്ലാ മജിസ്ട്രേട്ട് അനുജ് ഝാ പറഞ്ഞു. അയോധ്യയും ഫൈസാബാദും ശാന്തമാണെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുക്കമാണെന്നും- ഝാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News