കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ തീര്‍ഥാടനത്തിന് തുടക്കം

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന് സൗഹൃദത്തിന്റെ പുതിയ സാധ്യതകള്‍ തുറന്ന് കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ സിഖ് മതവിശ്വാസികളുടെ തീര്‍ഥാടനത്തിന് തുടക്കം. സിഖ് മതസ്ഥാപകന്‍ ഗുരു നാനാക് അന്ത്യനാളുകളില്‍ കഴിഞ്ഞ പാകിസ്ഥാനിലെ കര്‍താര്‍പുരിലുള്ള ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍നിന്നടക്കം സിഖ് വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുന്നതാണ് ഇടനാഴി. ലോകമെങ്ങുമുള്ള സിഖ് സമൂഹം ചൊവ്വാഴ്ച ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ഇരുരാജ്യങ്ങളിലുമായുള്ള ഇടനാഴി തുറന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉദ്ഘാടനംചെയ്തു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മുന്‍ മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍, അകാല്‍ തക്ത് ജതേദാര്‍ ഹര്‍പ്രീത് സിങ്, നവജ്യോത് സിങ് സിദ്ദു, ഹര്‍സിമ്രത്കൗര്‍ ബാദല്‍, പഞ്ചാബില്‍നിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഇന്ത്യയില്‍നിന്നുള്ള ആദ്യസംഘത്തിലുണ്ടായിരുന്നു. 500ല്‍പരം പേരടങ്ങുന്ന സംഘത്തിന്റെ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ലാഗ് ഓഫ് ചെയ്തു.

ഇമ്രാന്‍ ഖാന്‍ നേരത്തേ സിഖ് തീര്‍ഥാടകരെ സന്ദേശത്തില്‍ അഭിവാദ്യം ചെയ്തിരുന്നു. കര്‍താര്‍പുര്‍ ഇടനാഴി മേഖല സമാധാനത്തിന് പാകിസ്ഥാന്റെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയുടെ അഭിവൃദ്ധിയിലേക്കുള്ള പാതയും വരുംതലമുറകളുടെ ശോഭനമായ ഭാവിയും കുടികൊള്ളുന്നത് സമാധാനത്തിലാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഇന്ന് സിഖ് സമൂഹത്തിനുവേണ്ടി തുറന്നത് അതിര്‍ത്തി മാത്രമല്ലെന്നും തങ്ങളുടെ ഹൃദയം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍നിന്ന് 5000 പേരടക്കം 12000 സിഖുകാര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളുംതമ്മിലുള്ള ധാരണയനുസരിച്ച് ഇന്ത്യയില്‍നിന്ന് പ്രതിദിനം 5000 സിഖ് തീര്‍ഥാടകര്‍ക്ക് ഇടനാഴി വഴി കര്‍താര്‍പുരിലെത്താം. പിന്നീട് എണ്ണം വര്‍ധിപ്പിക്കാം. ശനിയാഴ്ചയും 12നും സന്ദര്‍ശകരെ പാസ്പോര്‍ട്ട്, 20 ഡോളര്‍ സര്‍വീസ് ചാര്‍ജ് എന്നിവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News