രാജ്കോട്ട് ആവര്‍ത്തിക്കാനാണ് രോഹിത് ശര്‍മയും കൂട്ടരും നാഗ്പുരില്‍ ഇറങ്ങുന്നത്. മൂന്ന് മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യ രാജ്കോട്ടില്‍ എട്ട് വിക്കറ്റിന്റെ ജയം പിടിച്ചിരുന്നു. നാഗ്പുരിലെ വിസിഎ സ്റ്റേഡിയത്തില്‍ ഇന്ന് പരമ്പര വിജയികളെ തീരുമാനിക്കുന്ന ‘ഫൈനല്‍’ അരങ്ങേറും. രാത്രി ഏഴിനാണ് മത്സരം.

അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരജയം ഇന്ത്യന്‍ യുവനിരയ്ക്ക് കുതിക്കാനുള്ള ഊര്‍ജമാകും. കഴിഞ്ഞ കളികളില്‍ ഇടം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ് ഇത്തവണ അവസരം കിട്ടുമോയെന്ന് വ്യക്തമല്ല.

ദില്ലിയില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ കന്നി ട്വന്റി-20 ജയം. എന്നാല്‍, രാജ്കോട്ടില്‍ ക്യാപ്റ്റന്‍ രോഹിത് ഇന്ത്യക്ക് വിജയവഴി കാട്ടി. 43 പന്തില്‍ 85 റണ്ണുമായി വലംകൈയന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. സ്പിന്നര്‍മാരും മിന്നി. അവസാന കളിയിലും ഇതേ മികവ് ആവര്‍ത്തിച്ച് പരമ്പര പിടിക്കാമെന്ന മോഹത്തിലാണ് ഇന്ത്യ.

കഴിഞ്ഞ രണ്ടു കളിയിലും ഇന്ത്യ ഒരേ ടീമിനെയാണ് വിന്യസിച്ചത്. നാഗ്പുരില്‍ മാറ്റങ്ങളുണ്ടായേക്കും. ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ പരീക്ഷിക്കുമോ എന്നതില്‍ തീരുമാനമായിട്ടില്ല. ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി സഞ്ജു എത്തിയാലും അതിശയപ്പെടേണ്ടതില്ല.

ബൗളര്‍മാരില്‍ മങ്ങിയ പേസര്‍ ഖലീല്‍ അഹമ്മദ് പുറത്തിരുന്നേക്കും. ശാര്‍ദുല്‍ താക്കൂറാകും പകരക്കാരന്‍. ബംഗ്ലാദേശ് നിരയില്‍ മാറ്റങ്ങളുണ്ടായേക്കില്ല.
അവസാന 11 കളികളില്‍ എട്ടിലും ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ച സ്റ്റേഡിയമാണ് നാഗ്പുരിലേത്. മഴയുടെ ആശങ്കകള്‍ ഒട്ടുമില്ല.