ശാന്തന്‍പാറ പുത്തടി മൂല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഷം കഴിച്ച നിലയില്‍ മുംബൈയില്‍ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയില്‍ പന്‍വേലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിക്കും മുന്‍പെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചു. ഇടുക്കി, രാജകുമാരിയില്‍നിന്ന് വസീമിനൊപ്പം കടന്നപ്പോള്‍ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു.

വസീമിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഫോണ്‍ രേഖകള്‍ പരിശോധിച്ച് നേരത്തേ കേരള പൊലീസ് സംഘം മുംബൈയില്‍ എത്തിയിരുന്നു.

അതിനിടെയാണ് ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തിയ വിവരം ലഭ്യമാകുന്നത്. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്.