ഇടുക്കി -ശാന്തൻപാറ റിജോഷ് കൊലപാതക കേസില്‍ മുഖ്യപ്രതികളായ വസീമിന്‍റെയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസ്സുകാരി മകള്‍ ജോവാനയെുടെ മൃതദേഹം നാട്ടിലെത്തിക്കും. വസീമിനും ലിജിക്കുമെതിരെ മഹാരാഷ്ട്ര് പോലീസ് കൊലപാതക കുറ്റത്തിനും ആത്മഹത്യ ശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തു.

ശനിയാഴ്ചയാണ് വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും മുംബൈ പന്‍വേലിലെ ഹോട്ടലില്‍നിന്ന് വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. ലിജിയുടേയും ലിജിയുടെ കാമുകന്‍ വസീമിന്‍റെയും ആരോഗ്യനില അതീവ ഗുരുതരമാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. വിഷം അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

രണ്ടര വയസുകാരി ജോവാനയുടെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘവും റിജോഷിന്‍റെ ബന്ധുക്കളും മുംബൈയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ, ശാന്തന്‍പാറയിലെ റിസോര്‍ട്ട് ഭൂമിയില്‍ കൊന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

കേസില്‍ കുറ്റസമ്മതം നടത്തിയുള്ള റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ വീഡിയോ സന്ദേശം അന്വേഷസംഘത്തിന് അന്ന് തന്നെ ലഭിച്ചിരുന്നു. കൃത്യം നടത്തിയത് താനാണെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും സമ്മതിക്കുന്നതായിരുന്നു വീഡിയോ. കുഞ്ഞിനെ വിഷം നല്‍കി കൊന്നതിനും, ആത്മഹത്യ ശ്രമത്തിനും ഇരുവർക്കുമെതിരെ മഹാരാഷ്ട്രാ പോലീസ് കേസെടുത്തിട്ടുണ്ട്.