മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കില്ലെന്ന് ബിജെപി. ബിജെപി സർക്കാർ രൂപീകരിക്കില്ലെന്ന് ഗവർണറെ അറിയിച്ചു. ഭൂരിപക്ഷമില്ലെന്നും, ശിവസേന എൻസിപിയും കോണ്ഗ്രസുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുന്നതിൽ എതിർപ്പില്ലെന്നും ബിജെപി. അതേ സമയം ബിജെപി പിന്മാറിയ സാഹചര്യത്തിൽ ശിവസേനയെ സർക്കാരുണ്ടാക്കാൻ ഗവർണർക്ക് ക്ഷണിക്കേണ്ടി വരും. കോണ്ഗ്രസ് എൻസിപി സഖ്യവുമായി ശിവസേന ചർച്ചകൾ സജീവമാക്കി.

കഴിഞ്ഞ ദിവസമാണ് സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ഗവർണർ ഭഗത് സിംഗ് കോശിയാരി ക്ഷണിച്ചത്. നാളെ രാത്രി 8 മണിക്ക് മുന്നേ ഭപോരിപക്ഷം തെളിയിക്കണമെന്നും നിർദേശം നൽകിയിരുന്നു.എന്നാൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കേണ്ടെന്നാണ് ബിജെപി തീരുമാനം. ഇന്ന് മുന്‍ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ ചേർന്ന കോർ കമ്മറ്റി മീറ്ററിങ്ങിലാണ് തീരുമാനം.

ഇക്കാര്യം ഗവർണറെ അറിയിക്കുകയും ചെയ്തു. ശിവസേനയുമായി സഖ്യമുണ്ടാക്കാൻ അവസാന നിമിഷം വരെ ശ്രമിച്ചെന്നും എന്നാൽ ശിവസേനക്ക് സഖ്യമുണ്ടാക്കാൻ താൽപര്യമില്ലെന്നും ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കുന്നില്ലെന്നും ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. എൻസിപി കോണ്ഗ്രസ് സഖ്യവുമായി ചേർന്ന് ശിവസേന സർക്കാർ രൂപീകരിക്കുന്നതിൽ എതിർപ്പില്ലെന്നും ബിജെപി പറഞ്ഞു.

അതേ സമയം ബിജെപി സർക്കാർ രൂപീകരണത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഗവർണർക്ക് ശിവസേനയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടി വരും. എൻസിപി കോണ്ഗ്രസ് സഖ്യവുമായി സർക്കാറുണ്ടാക്കാനുള്ള നീക്കങ്ങൾ ശിവസേന ഇതിനോടകം ശക്തമാക്കിക്കഴിഞ്ഞു.