രാജ്യമാകെ ഉറ്റുനോക്കിയിരുന്ന ഒരു സുപ്രധാന വിഷയമായിരുന്നെങ്കിലും, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചാണ് പരിഗണിച്ചതെങ്കിലും, അയോദ്ധ്യാ കേസ് ഒരു ഭരണഘടനാ വിഷയമല്ല. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തർക്കത്തിലെ ഒരു സിവിൽ അപ്പീൽകേസ് മാത്രമാണ്.

പക്ഷേ രണ്ടു മത വിഭാഗങ്ങൾ ഉൾപ്പെട്ട വിഷയമായതുകൊണ്ട് അത്യന്തം ഗൗരവമായാണ് രാജ്യം ഈ വിഷയത്തെ നോക്കിക്കണ്ടിരുന്നത്. തർക്കഭൂമി മൂന്നായി പകുത്തു നൽകിയ അലഹബാദ് ഹൈക്കോടതി വിധി, സുപ്രീം കോടതി ഇന്ന് അസാധുവാക്കിയിരിക്കുന്നു.

സുപ്രീം കോടതി വിധിയുടെ അന്ത:സത്ത ഇത്രയുമാണ്.

തർക്കഭൂമിയിൽ ആർക്കും ഉടമസ്ഥാവകാശമില്ല.തർക്കഭൂമി സർക്കാർ ഏറ്റെടുക്കണം. ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിച്ച് 3 മാസത്തിനകം ഭൂമി അവർക്ക് കൈമാറണം. ട്രസ്റ്റിൽ നിർമോഹി അഖാരയ്ക്ക് പ്രാതിനിധ്യമുണ്ടായിരിക്കും. സ്ഥലത്ത് ഉപാധികളോടെ രാമക്ഷേത്രം പണിയാം. മുസ്ലീം ജനവിഭാഗത്തിന് പള്ളി നിർമ്മിച്ച് ആരാധന നടത്താൻ തർക്കഭൂമിയ്ക്ക് പുറത്ത് അയോദ്ധ്യയിൽ 5 ഏക്ര ഭൂമി സർക്കാർ നൽകണം.

1949 ൽ മസ്ജിദിൽ രാമവിഗ്രഹം കൊണ്ടു വെച്ചതും, 1992 ൽ ബാബറി മസ്ജിദ് തകർത്തതും തെറ്റാണെന്നും , മസ്ജിദ് തകർത്തത് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ മറികടന്നിട്ടാണെന്നും,അത് നിയമ വിരുദ്ധമായാണെന്നും സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്.
ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിന്റെ വിചാരണ വേറെ നടക്കുന്നുമുണ്ട്.

40 ദിവസങ്ങളാണ് ഈ സിവിൽ അപ്പീൽ കേസിൽ സുപ്രീം കോടതി വാദം കേട്ടത്. ഏറ്റവും കൂടുതൽ ദിവസം വാദം കേട്ട രണ്ടാമത്തെ കേസായി സുപ്രീംകോടതിയുടെ ചരിത്രത്തിൽ അയോധ്യ കേസ് സ്ഥാനം നേടിയിരിക്കുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് 1972-73 വര്‍ഷങ്ങളിലായി 68 ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. (KesavanandaBharathi v/s State of Kerala AIR 1973 SC 1461). ഇന്ത്യൻ ഭരണഘടനയുടെ പ്രിയാമ്പിൾ ഭേദഗതി ചെയ്യുക സാദ്ധ്യമാണോ എന്ന അതിപ്രധാനമായ വിഷയമായിരുന്നു
ആ കേസിലെ പ്രതിപാദ്യം.

എന്നാൽ വിശ്വാസത്തിന്റെ ഉരകല്ലിൻമേൽ പുരാണവും ചരിത്രവും തമ്മിലുള്ള മാറ്റുരക്കലിനായുള്ള ശ്രമമായാണ് മസ്ജിദും മന്ദിറും തർക്ക വിഷയമാകുന്ന ഈ സിവിൽ വ്യവഹാരത്തെ ചിലരെങ്കിലും കണ്ടിരുന്നത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ 2.77ഏക്കർ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള 30-09-2010 തിയ്യതിയിലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിക്കപ്പെട്ട അപ്പീൽഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, എസ് എ ബോബ്‌ഡെ, എന്നിവർ അംഗങ്ങളുമായ അ‍ഞ്ചംഗ ഭരണഘടന ബഞ്ച് ഇന്ന് ചരിത്രപ്രസിദ്ധമായ വിധി പ്രസ്ഥാവിച്ചിരിക്കുന്നത്.

1992 ഡിസംബർ 6 ന് ഹിന്ദു വർഗ്ഗീയ വാദികളായ കർസേവകർ ബാബ്‍റി മസ്ജിദ് പൊളിക്കും വരെ പള്ളി നിലനിന്ന ഭൂമിയടക്കമുള്ള അയോധ്യയിലെ പ്രധാന തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം മൂന്നായി തുല്യമായി വിഭജിച്ച് അതിൽ ഓരോ ഭാഗങ്ങൾ നിർമോഹി അഖാരയ്ക്കും, സുന്നി വഖഫ് ബോർഡിനും, രാംലല്ല വിരാജ്‍മാനിനുമായി നൽകാനായിരുന്നു 2010 സെപ്റ്റംബർ 30 ന്
അലഹബാദ് ഹൈക്കോടതി വിധിച്ചത്.

എന്നാൽ ഇതിൽ എല്ലാ കക്ഷികളും അസംതൃപ്തരായിരുന്നു.ഈ വിധിയ്ക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. രാജ്യത്തെ ബാധിക്കുന്ന ഒരു സെൻസിറ്റീവ് ഇഷ്യൂ എന്ന നിലയിൽ സുപ്രീം കോടതിയും രമ്യമായൊരു പ്രശ്ന പരിഹാരത്തിനാണ് ആദ്യം മുതൽ അവസാനം വരെ ആത്മാർത്ഥമായ ശ്രമം നടത്തിയത്.ഇതിനായി റിട്ടയേർഡ് ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തുകയുണ്ടായി.

ആ നിലയ്ക്കൊരു മധ്യസ്ഥശ്രമം ആരംഭിച്ചപ്പോൾ അതിൽ നിന്നും ആദ്യം പിൻമാറിയത് രാംലല്ല വിരാജ്മാനാണ്. ഒത്തുതീർപ്പിന് സമ്മതമല്ലെന്ന് ഈ സംഘം അറിയിച്ചതോടെ സുന്നി വഖഫ് ബോർഡും സമവായ ശ്രമത്തിൽ നിന്ന് പിൻമാറുകയുണ്ടായി.

മധ്യസ്ഥശ്രമങ്ങളെല്ലാം നിർഭാഗ്യകരമായി പരാജയപ്പെട്ടതോടെയാണ് കേസിൽ അന്തിമവാദം കേൾക്കാൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തീരുമാനമെടുത്തത്. രാജ്യത്തെ തുല്ല്യതയും മതസൗഹാർദ്ദവും നിലനിർത്തേണ്ടതിന്റെയും സാമൂഹ്യ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത സുപ്രീം കോടതി അന്നും ഇന്നും ഊന്നിപ്പറയുന്നുണ്ട്. അതോടൊപ്പം താഴെ പറയുന്ന നിഗമനങ്ങളാൽ കൂടിയാണ് കോടതി അവസാന വിധിയിലെത്തിച്ചേർന്നത് .

The Court held that the suit by Nirmohi Akhara was time barred. നിർമ്മോഹി അഖാരയുടെ ഹരജി കാലഹരണ ദോഷമുള്ളതും . തള്ളിക്കളയുന്നതുമാകുന്നു. Allahabad HC was wrong in splitting the properties into three, giving each party one-third share. It was not a partition suit.ഇതൊരു ഭാഗ വ്യവഹാരമല്ല . തർക്കഭൂമി മൂന്നായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധി തെറ്റാണ്.

The findings of ASI report cannot be brushed aside as conjecture ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ആധികാരികമല്ലെന്ന നിഗമനത്തിൽ അവഗണിക്കപ്പെടാവുന്നതല്ല.

ASI reports show that the Babri Masjid was not built on a vacant land. The underlying structure was not of Islamic origin.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത് പള്ളി നിർമ്മിക്കപ്പെട്ടത് ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലത്തല്ല എന്നാണ്. പള്ളിയുടെ അടിത്തറയിലുള്ള സ്ട്രെച്ചർ സൂചിപ്പിക്കുന്നത് ഇസ്ലാമിക രീതിയിലുള്ളതായല്ല.

The ASI report was not conclusive as to whether the underlying structure was a Hindu temple.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പള്ളിയുടെ കീഴിലുള്ളത് അമ്പലമാണെന്ന് സ്ഥാപിക്കാനുള്ള ഉറച്ച തെളിവല്ല .

The mere existence of structure beneath the mosque cannot lead to a title for Hindus now, even if that structure is found to be of Hindu origin.

മസ്ജിദിന് താഴെ കാണപ്പെട്ട ഘടനകൾ കൊണ്ടു മാത്രം അത് ഹിന്ദുക്കളുടേതാണെന്ന് സമർത്ഥിക്കാനാകില്ല.

The faith of Hindus that the place is birth place of Lord Ram is undisputed.
തർക്കഭൂമിയിലാണ് രാമൻ ജനിച്ചത് എന്ന കാര്യം ഹിന്ദുക്കൾ വിശ്വസിക്കുന്നു എന്നത് നിസ്തർക്കമാണ് .

The Ram Janmabhoomi has no juristic personality. But Ram Lalla, the deity has juristic personality.
രാമജന്മഭൂമിയ്ക്ക് നിയമ വ്യക്തിത്വമില്ല. പക്ഷേ ശ്രീരാമവിഗ്രഹത്തിന് നിയമ വ്യക്തിത്വമുണ്ട്.

The Suit by Sunni Waqf Board is maintainable and not barred by limitation.
സുന്നി വക്കഫ് ബോർഡിന്റെ ഹരജി കാലഹരണ ദോഷമില്ലാത്തതും നിലനിൽക്കുന്നതുമാണ്.

The Sunni Waqf Board has not been able to prove adverse possession. There is evidence to show that the Hindus had been visiting the premises prior to 1857.
എതിർ കൈവശകാലഹരണ വാദം തെളിയിക്കാൻ സുന്നി വക്കഫ് ബോർഡിന് സാധിച്ചിട്ടില്ല . 1857 ന് മുമ്പും ഹിന്ദുക്കൾ തർക്കഭൂമിയിൽ സന്ദർശനം നടത്തിയിരുന്നതിന് തെളിവുണ്ട്.

There is clear evidence to show that Hindus worshiped in the outer courtyard of the disputed site. As regards the inner court yard, there is no evidence in the suit by Sunni Board to show exclusive possession prior to 1857.
തർക്ക മന്ദിരത്തിന്റെ പുറം ഭാഗത്ത് ഹിന്ദുക്കൾ ആരാധന നടത്തിവന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. എന്നാൽ മന്ദിരത്തിന്റെ ഉൾവശത്ത് 1857 നു മുമ്പ് നിരാക്ഷേപ കൈവശം തെളിയിക്കാൻ സുന്നി വക്കഫ് ബോർഡിന്റെ ഹരജിയിൽ സാധിച്ചിട്ടില്ല.

അലഹബാദ് ഹൈക്കോടതി വിധി റദ്ദ് ചെയ്ത സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഇന്നത്തെ ഏകകണ്ഠമായ വിധി
1045 ഓളം പേജുകളിലായാണ് ചരിത്രത്തിലേക്ക് കടന്നു കയറിയിട്ടുള്ളത്.

1992 ഡിസംബർ 6 ന് ഇന്ത്യൻ മതേതരത്വത്തിന്റെ സുന്ദരമായ മുഖത്തെ വർഗ്ഗീയ വാദികൾ വികൃതമാക്കിയതാണ്. അതിൽനിന്നും ഇനിയും കൂടുതൽ വികൃതമാകാതെ സൂക്ഷിക്കാൻ തികച്ചും പക്വതയാർന്നതും , നിലവിലെ സാഹചര്യത്തിൽ പ്രായോഗികമായതുമാർന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.

ഏതു തെരഞ്ഞെടുപ്പു കാലത്തും വർഗ്ഗീയ വാദികൾ ഉയർത്തിപ്പിടിച്ചു കൊണ്ടിരുന്ന ഒരു മുദ്രാവാക്യവജ്രായുധത്തിന്റെ മുനയും
ഇതോടെ തേഞ്ഞു പോയിരിക്കുന്നു .

ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യ തന്നെയാണ് രാമന്‍റെ ജന്മഭൂമിയെന്നും തര്‍ക്കഭൂമിയിൽ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകൾ ഉണ്ടെന്നുമുള്ള ഹിന്ദുസംഘടനകളുടെ വാദങ്ങളും, 1989 വരെ ഹിന്ദു സംഘടനകൾ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടേ ഉണ്ടായിരുന്നില്ലെന്ന സുന്നി വഖഫ് ബോർഡിന്റെ വാദങ്ങളും പരിശോധിച്ചും , ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങളും പരിശോധിച്ചും വിലയിരുത്തിയും, ചരിത്രപ്രസിദ്ധമായ നിർമ്മിതികളുടെ ശാസ്ത്രീയ സാദ്ധ്യതകളിൽ ആര്‍ക്കിയോളജിക്കൽ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകൾ പരിശോധിച്ചും, കീഴ്ക്കോടതികളുടെ വിധികളും സാക്ഷിമൊഴികളും ലഭ്യമായ തെളിവുകളും പരിശോധിച്ചും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇപ്പോൾ സുപ്രധാനമായ ഒരു അന്തിമ നിഗമനത്തിലെത്തിയിരിക്കുന്നു. അത് വിധിയായി പുറത്തു വന്നിരിക്കുന്നു.

ഇത് ബാബറി മസ്ജിദ് തകർത്ത കേസിലെ വിധിയല്ല ..ബാബറി മസ്ജിദ് തകർക്കാൻ നേതൃത്വം നൽകിയവരും ,അതിൽ പങ്കാളികളായവരും ക്രിമിനൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ ..

നിലവിലെ സാഹചര്യങ്ങൾ കൂടുതൽ കലുഷിതമാകാതിരിക്കാനും , സമാധാനം പുലരാനും , പ്രശ്ന പരിഹാരങ്ങൾക്ക് പ്രായോഗികമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയുമാണ് പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന വിധി.

ഈ വിധി ഇന്ന് രാജ്യത്തെ നിയമമാണ്
ഈ വിധി അംഗീകരിക്കാനും അനുസരിക്കാനും
കേന്ദ്ര സംസ്ഥാന സർക്കാറുകളും,
രാജ്യത്തെ ഓരോ പൗരനും ബാദ്ധ്യസ്ഥരുമാണ്.

ടി.കെ.സുരേഷ്