വീട് നിർമാണ രംഗത്തും കുടുംബശ്രീ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി .പി രാമകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭ പി .എം.എ .വൈ – ലൈഫ് ഭവന പദ്ധതിയിൽ സൃഷ്ടി കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം കൊടക്കാട്ടുമുറിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 53 ദിവസം കൊണ്ടാണ് സൃഷ്ടി കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ബേബി കാവുംപുറത്തിന് സർക്കാർ നൽകിയ വീടിന്റെ പണി പൂർത്തിയാക്കിയത്.


ഇനി ഒൻപത് വീടുകളുടെ നിർമ്മാണ പ്രവൃത്തി കൂടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ ഏറ്റെടുത്തിട്ടുണ്ട്. ഇനിയുള്ള വീട് നിർമ്മാണ പ്രവൃത്തികളിൽ ആധുനിക നിർമ്മാണ സാങ്കേതിക രീതിയായ ഫ്രീ ഫാബ് ടെക്നോളജി ഉപയോഗിക്കാൻ നടപടിയെടുക്കും.  ഇത്തരം നിർമ്മാണ രീതികൾ വയനാട്ടിൽ തുടങ്ങിക്കഴിഞ്ഞു.

വയനാട്ടിലെ തോട്ടം തൊഴിലാളികൾക്ക് 100 വീട് നിർമ്മിച്ചു നൽകാൻ നടപടി സ്വീകരിച്ചു കഴിഞ്ഞു. കുടുംബശ്രീ പ്രസ്ഥാനത്തെ ശക്തിപ്പടുത്തൽ സർക്കാർ നയമാണെന്നും മന്ത്രി പറഞ്ഞു. 15 അംഗങ്ങൾ അടങ്ങിയ സൃഷ്ടി കൺസ്ട്രക്ഷൻ ഗ്രൂപ്പ് അംഗങ്ങളാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. സൃഷ്ടി കൺസ്ട്രഷൻ ഗ്രൂപ്പിനുള്ള ഉപഹാരം ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

കെ .ദാസൻ എം എൽ എ അധ്യക്ഷനായി കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ .കെ .സത്യൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ .എം പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി കവിത, വൈസ്ചെയർപേഴ്സൺ വി.കെ പത്മിനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ ഭാസ്ക്കരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ അജിത തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.