മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു

തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരമായ സ്വയംഭരണപദവി ഉറപ്പിച്ച മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നെയിലെ ആള്‍വാര്‍പേട്ട് സെന്റ് മേരീസ് റോഡിലുള്ള വീട്ടില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വീട്ടിലെ ജോലിക്കാരാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ബസന്ത് നഗര്‍ ബീച്ചില്‍.

1990 ഡിസംബര്‍ 12 ന് ഇന്ത്യയുടെ 10ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റു. 1996 ഡിസംബര്‍ 11 വരെ പദവിയില്‍ തുടര്‍ന്നു. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡടക്കം നിരവധി തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. കമീഷണറായിരിക്കെ അദ്ദേഹത്തിന്റെ നടപടികള്‍ പലതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.

വരുമാനം തെറ്റായി രേഖപ്പെടുത്തിയതിനും പത്രികയില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തതിനും പതിനാലായിരത്തിലേറെ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി. ബിഹാറിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതടക്കമുള്ള തീരുമാനങ്ങള്‍ ഇംപീച്ച്മെന്റ് നടപടികളിലേക്കും എത്തിച്ചു.

1936 -ല്‍ പാലക്കാട് ജില്ലയിലെ തിരുനെല്ലായിലായിരുന്നു ശേഷന്റെ ജനനം. തിരുനെല്ലായി നാരായണ അയ്യര്‍ ശേഷന്‍ എന്നാണ് മുഴുവന്‍ പേര്. 1955 ബാച്ചില്‍ തമിഴ്നാട് കേഡര്‍ ഐഎഎസ് ഓഫീസര്‍. 1968 -ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം. 1989ല്‍ കാബിനറ്റ് സെക്രട്ടറിയായി.

ആസൂത്രണ കമീഷന്‍ അംഗമായിരുന്നു. മഗ്സസെ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. ചെന്നൈ താമ്പ്രത്തുള്ള വൃദ്ധസദനത്തിലായിരുന്നു ടി എന്‍ ശേഷനും ഭാര്യയും താമസം. 2018ല്‍ ഭാര്യ ജയലക്ഷ്മി മരിച്ചതിനെ തുടര്‍ന്ന് ആള്‍വാര്‍പേട്ടിലെ വീട്ടിലേക്ക് തിരിച്ചുവന്നു. ഒറ്റക്കായിരുന്നു താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News