എണ്‍പതുകാരിയായ പാറു അമ്മൂമ്മ പരീക്ഷ എഴുതി, ചെറുമകളോടൊപ്പം

കൊച്ചുമകളോടൊപ്പം പരീക്ഷ എഴുതിയതിന്റെ ആഹ്ലാദത്തിലാണ് എണ്‍പതുകാരിയായ പാറു അമ്മൂമ്മ. പുത്തന്‍പാലം സ്വദേശിനിയായ പാറു അമ്മൂമ്മ പ്രായത്തെ വകവെയ്ക്കാതെ അക്ഷരങ്ങളുമായി പ്രണയത്തിലാവുകയായിരുന്നു.

ചെറുപ്പത്തില്‍ സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് ഇപ്പോള്‍ അക്ഷരശ്രീ സാക്ഷരതാ പരീക്ഷ എഴുതിയതിലൂടെ പാറു അമ്മൂമ്മ മറികടന്നത്. തന്റെ മകളോടും ചെറുമകളോടുമൊപ്പമാണ് പാറു പരീക്ഷയെഴുതാനായി എത്തിയത്.

കണ്ണമ്മൂല പുത്തന്‍പാലത്ത് നഗരസഭയുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു അമ്മയും മകളും കൊച്ചുമകളും സഹപാഠികളായി പരീക്ഷ എഴുതാനെത്തിയത്. കൊച്ചുമകള്‍ സാക്ഷരതാ ക്ലാസില്‍ പോകുന്നത് കണ്ടപ്പോള്‍ പഠിക്കാനുള്ള ആഗ്രഹം തോന്നുകയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഒരിക്കല്‍ നടക്കാതെ പോയ മോഹം പാറു അമ്മൂമ്മ എണ്‍പതാം വയസില്‍ സാധിച്ചെടുത്തത്.

ഒന്നാം ക്ലാസില്‍ പോയെങ്കിലും പിന്നീട് അനുജനെ ശ്രുശൂഷിക്കാനായി പാറുവിന്റെ മകള്‍ രാഗിണിക്ക് സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വന്നു. മകളോടും അമ്മയോടും ഒപ്പം ഇപ്പോള്‍ പഠനം വീണ്ടും തുടങ്ങി.

സഹപാഠിയാണെങ്കിലും അക്ഷരം വായിക്കുന്നതിനും പറഞ്ഞുകൊടുക്കുന്നതിനും കൊച്ചുമകള്‍ രജിനി എപ്പോഴും തയാറായിരുന്നു. ജീവിതത്തില്‍ ഇനിയും പഠിക്കണമെന്ന തീരുമാനത്തോടെയാണ് മൂവരും പരീക്ഷാ ഹാള്‍ വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here