ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വലതുപക്ഷം പ്രസിഡന്റ് ഇവോ മൊറാലിസിനെ അട്ടിമറിച്ചു. മൊറാലിസിനെ പുറത്താക്കാന്‍ ഏറെക്കാലമായി ശ്രമിക്കുന്ന അമേരിക്കയുടെ സഹായത്തോടെയാണ് അട്ടിമറി.

രാജ്യത്ത് വലതുപക്ഷ പ്രതിപക്ഷ കക്ഷികളുടെ അക്രമങ്ങള്‍ക്കിടെയാണ് മൊറാലിസ് രാജിവച്ചത്. സൈന്യവും, പൊലീസും അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി. രാജ്യത്തിന്റെ നന്മക്കായ!ം സമാധാനം തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണ് താന്‍ സ്ഥാനമൊഴിയുന്നതെന്ന് ഇവോ വ്യക്തമാക്കി. ഞായറാഴ്ച പാര്‍ലമെന്റ് മുന്‍പാകെ രാജികത്ത് സമര്‍പ്പിച്ചു.

ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് (ഒഎഎസ്) മൊറേല്‍സിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷത്തെയും വലത് കക്ഷികളെയും ആക്രമണങ്ങള്‍ക്ക് അഴിച്ചുവിടുകയായിരുന്നു.

അമേരിക്കന്‍ ഭരണകൂടം ദീര്‍ഘകാലമായി മൊറാലിസിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും അധികാരഭ്രഷ്ടരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാനെന്ന് അവകാശപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷം സ്വേച്ഛാധിപത്യത്തിന്റെ രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് മാധ്യമസ്ഥാപനം കൈയേറിയ അക്രമികള്‍ പ്രക്ഷേപണം നിര്‍ത്തിച്ച് ജീവനക്കാരെ പുറത്താക്കി. വ്യാപകമായ അക്രമങ്ങളും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. യുഎസ് ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന അട്ടിമറി നീക്കത്തെ പ്രമുഖ അമേരിക്കന്‍ ചിന്തകന്‍ നോം ചോംസ്‌കി, ട്രൈകോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ഡയറക്ടര്‍ വിജയ് പ്രശാദ് തുടങ്ങിയവര്‍ അപലപിച്ചിരുന്നു.

തെക്കന്‍ നഗരമായ ഒറൂറോയില്‍ മൊറാലിസിന്റെ സഹോദരി എസ്തറിന്റെ വീട് അക്രമികള്‍ കത്തിച്ചു. വീട്ടില്‍നിന്ന് തീനാളം ഉയരുന്ന ദൃശ്യം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു. മേഖലാ ഗവര്‍ണറുടെയും ച്വികിസാകാ പ്രവിശ്യാ ഗവര്‍ണറുടെയും വസതികളും കലാപകാരികള്‍ കത്തിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ ബൊളീവിയയിലെ തദ്ദേശവംശജനായ ആദ്യ പ്രസിഡന്റ് മൊറാലിസ് നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വലതുപക്ഷം അക്രമസമരം ആരംഭിച്ചത്. പരമാവധി സംയമനം പാലിച്ച സര്‍ക്കാര്‍ പാര്‍ലമെന്റിലെ കക്ഷികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പ്രതിപക്ഷം അട്ടിമറി നീക്കം തുടരുകയായിരുന്നു.